ഗായത്രി പുഴയുടെ കുറുകെ പുതിയ പാലത്തിന്റെ നിർമാണം ഉടനെ ആരംഭിക്കും.

ആലത്തൂർ: കാവശ്ശേരി വടക്കേനട-തോണിപ്പാടം പാതയിൽ ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള, അരനൂറ്റാണ്ടോളം പഴക്കമുള്ള പാലം പൊളിച്ചുപണിയും. പുതിയ പാലം പണിയുന്നതിന് 8.65 കോടിരൂപയുടെ ദർഘാസ് നടപടി പൂർത്തിയായി. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ പണി ആരംഭിക്കുമെന്ന് പി.പി. സുമോദ് എം.എൽ.എ. പറഞ്ഞു.

ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണക്കരാർ. പുഴയിൽ ജലനിരപ്പ് താഴുന്നതനുസരിച്ച് പണി ആരംഭിക്കും. പാലം പൊളിക്കുമ്പോൾ പുഴയിൽ മണ്ണിട്ടുയർത്തി ബണ്ട് നിർമിച്ച് താത്കാലികമായി ബദൽ യാത്രാസൗകര്യം ഒരുക്കും.

പഴയപാലത്തിന്റെ അടിത്തറയിലെ കോൺക്രീറ്റ് ഇളകി അടർന്നിട്ട് വർഷങ്ങളായി. രണ്ട് പ്രളയകാലങ്ങളിലായി കൈകവരികളും തകർന്നു. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി കാൽനട യാത്രക്കാരും സ്‌കൂൾ ബസുകൾ അടക്കം വാഹനങ്ങളും ഇതിലൂടെ കടന്നു പോകുന്നത് സുരക്ഷിതമല്ലാതായി.

മുൻകാലങ്ങളിൽ നടന്ന മണൽക്കൊള്ളയാണ് പാലത്തിന്റെ അടിത്തറ ഇളകാൻ കാരണം. തൂണുകൾ ഉറപ്പിച്ചിരിക്കുന്ന മണ്ണിനടിയിലെ കോൺക്രീറ്റ് കോളം പുഴയിൽ വെള്ളം താഴുമ്പോൾ പുറത്തുകാണാം. വലിയ വാഹനങ്ങൾ പോകുമ്പോൾ പാലം അസ്വാഭാവികമായി കുലുങ്ങും. ഇതുവഴി ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നുവെങ്കിലും ആരും പാലിക്കുന്നില്ല. പൊതുമരാമത്ത് വിഭാഗം മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചിരുന്നത് അപ്രത്യക്ഷമായി.