വടക്കഞ്ചേരി: സഹപാഠിക്ക് സുരക്ഷിതമായ വീട് ഒരുക്കാനുള്ള തത്രപ്പാടുകളിലാണ് ചെറുപുഷ്പം ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥിനികള്‍. വടക്കഞ്ചേരി ടൗണിനടുത്ത് പാളയത്താണ് ഈ കൂട്ടുകാരി താമസിക്കുന്നത്. തലയുയർത്തി നില്‍ക്കാൻ പോലും ഉയരമില്ലാത്ത കുടില്‍ പോലെയുള്ളൊരു ഷെഡിലാണ് ഇവരുടെ കുഞ്ഞു കൂട്ടുകാരിയും, കുടുംബവും കഴിയുന്നത്.
അച്ഛനും, അമ്മയും കൂട്ടുകാരിയെ കൂടാതെ മൂന്ന് ചെറിയ മക്കള്‍ കൂടിയുണ്ട് ഈ വീട്ടില്‍. കലശലായ നടുവേദന മൂലം അച്ഛന് പണിക്കു പോകാനാകില്ല. അമ്മ കൂലിപണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കഷ്ടിച്ച് നിത്യ ചെലവുകള്‍ നടന്നു പോകുന്നത്.
ഷെഡ് നില്‍ക്കുന്ന മൂന്നോ നാലോ സെന്‍റു സ്ഥലം മാത്രമെ ഇവർക്ക് സ്വന്തമായിട്ടുള്ളു. ഇതിനാല്‍ തന്നെ ചുമരുകളുള്ള വീട് ഇവർ സ്വപ്നമായി കൊണ്ടു നടക്കുകയായിരുന്നു.
കൂട്ടുകാരിയുടെ ഈ ദൈന്യസ്ഥിതി അറിഞ്ഞപ്പോള്‍ സഹപാഠികള്‍ക്ക് ഏറെ സങ്കടമായി. എങ്ങനെയെങ്കിലും കൂട്ടുകാരിയുടെ കുടുംബത്തെ സഹായിക്കണമെന്ന ആഗ്രഹവുമായി ഗൈഡ്സ് ലീഡർമാരായ എയ്ഞ്ചല്‍ മേരി വില്‍സനും ആർ.കെ. സാന്ദ്രയും ഇക്കാര്യം ഗൈഡ് ക്യാപ്റ്റൻ മാരായ പി.എസ്. അന്നമ്മ ടീച്ചറെയും ഡിനു ടീച്ചറെയും ക്ലാസ് ടീച്ചറായ സിസ്റ്റർ ബീന തെരേസ എന്നിവരെ ധരിപ്പിച്ചു.
കുട്ടികളുടെ ആഗ്രഹത്തിന് അധ്യാപകർ മാത്രമല്ല പ്രിൻസിപ്പല്‍ സിസ്റ്റർ ഡോ. ആഗ്നല്‍ ഡേവിഡും ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭാറോസും സർവ പ്രോത്സാഹനവുമായെത്തി.
പിന്നെ വൈകിയില്ല. ബിരിയാണി ഫെസ്റ്റുകള്‍ സംഘടിപ്പിച്ച് കുറച്ചു പണം സ്വരൂപിച്ചു. കുട്ടികളുടെ ഈ നന്മ പ്രവൃത്തികള്‍ കണ്ട് ഏതാനും സുമനസുകളും സഹായവുമായി മുന്നോട്ടു വന്നു. ഇനിയും കൂടുതല്‍ പേർ സഹായങ്ങളുമായി വരുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥിനികള്‍.
എല്ലാം സമയമാകുമ്പോള്‍ നടക്കുമെന്ന പ്രതീക്ഷയില്‍ എന്തായാലും വീടിന്‍റെ തറക്കല്ലിടല്‍ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന വികാരി ഫാ. ജെയ്സണ്‍ കൊള്ളന്നൂർ നിർവഹിച്ചു. പ്രിൻസിപ്പല്‍, ഹെഡ്മിസ്ട്രസ്, അധ്യാപകർ, ജോണ്‍ മണക്കളം എന്നിവർക്കു പുറമെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹുസൈനാരും വാർഡ് മെമ്പർ മുത്തുവും അഭിനന്ദിച്ചു.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.