വടക്കഞ്ചേരി: ദേശീയപാതാ വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങള്‍ കൈയേറിയവരെ ഒഴിപ്പിക്കുന്ന പ്രവൃത്തി തുടങ്ങി. കൂടുതല്‍ പേർ സ്ഥലം കൈയേറിയിട്ടുണ്ടെന്ന കണ്ടെത്തലില്‍ ഒഴിപ്പിക്കല്‍ നടപടി തുടരും. മംഗലംപാലം-നെന്മാറ റോഡ് ജംഗ്ഷനിലെ കൈയേറ്റങ്ങളാണ് ഇപ്പോള്‍ ഒഴിപ്പിച്ചിട്ടുള്ളത്.
ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇവർക്കെല്ലാം ദേശീയപാത അഥോറിറ്റി നോട്ടീസ് നല്‍കിയിരുന്നു.
കൈയേറ്റക്കാർ സ്ഥാപിച്ചിരുന്ന താല്‍ക്കാലിക ഷെഡുകളും നീക്കം ചെയ്തിട്ടുണ്ട്. സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള വസ്തുവകകള്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവ നീക്കംചെയ്ത് അതിനു വരുന്ന ചെലവ് കൈയേറ്റക്കാരില്‍ നിന്നും ഈടാക്കുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.
മംഗലം പാലത്ത് മണ്ണിട്ട് നികത്തിയും, മറ്റും പാത വികസനത്തിനായുള്ള സ്ഥലം ചിലർ സ്വന്തമാക്കിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. താല്‍ക്കാലിക ഷെഡില്‍ കച്ചവടം തുടങ്ങി പിന്നീട് സ്ഥിരം സംവിധാനമാക്കുന്ന പ്രവൃത്തികളും ഇവിടെ വ്യാപകമാണ്.
കൈയേറ്റ ഭൂമി മറ്റു ആളുകള്‍ക്ക് വാടകക്ക് കൊടുത്തു പണമുണ്ടാക്കുന്ന സംഘങ്ങളുമുണ്ടെന്ന വിവരങ്ങളും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പന്നിയങ്കര ടോള്‍പ്ലാസ മുതല്‍ മംഗലംപാലം വരെ വരുന്ന ഒന്നര കിലോമീറ്ററിനുള്ളില്‍ മാത്രം ദേശീയപാതയുടെ രണ്ടേക്കറോളം സ്ഥലം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
ദേശീയപാതയോരം വഴിയുള്ള വലിയ കുടിവെള്ള പൈപ്പുകള്‍ മുറിച്ച് അതില്‍ നിന്നും കടകളിലേക്ക് വെള്ളം എടുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിച്ചിരുന്നതായും പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ശബരിമല സീസണിലാണ് ഇത്തരം അനധികൃത കൈയേറ്റങ്ങള്‍ കൂടുതലും നടക്കുന്നത്.
സീസണ്‍ കഴിഞ്ഞാലും സ്ഥലാവകാശം പറഞ്ഞ് കൈയേറ്റം തുടരുന്ന സ്ഥിതിയുമുണ്ട്.
യഥാ സമയങ്ങളിലുള്ള ഒഴിപ്പിക്കല്‍ നടക്കാത്തത് പിന്നീട് രാഷ്ട്രീയ ഇടപെടലുകള്‍ക്കും ക്രമസമാധാന പ്രശ്നത്തിലേക്കും നീങ്ങുന്ന സാഹചര്യവും ഇവിടെ ഉണ്ടാകാറുണ്ട്.
കൈയേറ്റം ഒഴിപ്പിച്ച സ്ഥലങ്ങള്‍ നിരപ്പാക്കി യാത്രക്കാർക്ക് നടന്നു പോകുന്നതിനുള്ള വഴിവിട്ട് ബാക്കി സ്ഥലത്തെല്ലാം ചുറ്റും സംരക്ഷണ വേലി തീർത്ത് പൂച്ചെടികള്‍ വളർത്തും.
അതേ സമയം, നാലുവരി ദേശീയപാത മുറിച്ച് കടന്ന് ആളുകള്‍ കടന്നു പോകുന്ന പ്രധാന സെന്‍ററായതിനാല്‍ ഫുട്‌ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായുണ്ട്.
Similar News
അപകടഭീഷണിയായി കൂറ്റൻ ആല്‍മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം