കുന്നന്‍ വാഴ കൃഷിക്കായി നെന്മാറയില്‍ നെഴ്‌സറി ഒരുങ്ങുന്നു.

നെന്മാറ: പോഷക ഗുണമേന്മയുള്ള കുന്നന്‍വാഴ കൃഷി സജീവമാക്കുന്നതിന്റെ ഭാഗമായി നെന്മാറ അകംപാടത്തിനു സമീപം നെഴ്‌സറി ഒരുങ്ങുന്നു. നബാര്‍ഡിന്റെ ധനസഹായത്തോടെ ജന്‍ കിസാന്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനിയാണ് കുന്നന്‍ വാഴയുടെ നെഴ്‌സറി ഒരുക്കുന്നത്.

പണ്ട് കാലത്ത് കൃഷിയിടങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന കുന്നന്‍വാഴ വിസ്മൃതിയിലേക്ക് നീങ്ങിയതോടെയാണ് നെന്മാറ ഗംഗോത്രി ട്രസ്റ്റും, ജന്‍കിസാന്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെയും നേതൃത്വത്തില്‍ കുന്നന്‍വാഴ പരിപോഷണത്തിനായി നബാര്‍ഡിന്റെ ധനസഹായത്തോടെ പദ്ധതി നടപ്പിലാക്കിയത്.

പദ്ധതിയുടെ ഭാഗമായി 50 കര്‍ഷകര്‍ക്ക് മണ്ണൂത്തി വി.എഫ്.പി.സി.കെ.യില്‍ നിന്ന് എത്തിച്ച കുന്നന്‍ വാഴ കന്നുകള്‍ വിതരണം ചെയ്തു കൃഷി നടത്തിയിരുന്നു. കൃഷി വിജയമായതിനെ തുടര്‍ന്നാണ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി നെഴ്‌സറി ഒരുക്കുന്നത്. സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായി മാക്രോ പ്രൊപഗേഷന്‍ രീതിയിലാണ് നെഴ്‌സറി ഒരുക്കുന്നത്.

ഒരു കന്നില്‍ നിന്നു തന്നെ 20 വാഴ തൈകളാണ് നഴ്‌സറിയിലൂടെ വളര്‍ത്തിയെടുക്കുന്നത്. നിലവില്‍ 1200 തൈകളാണ് പദ്ധതിയുടെ ഭാഗമായി വളര്‍ത്തുന്നത്. മാക്രോ പ്രൊപ്പഗോഷന്‍ രീതിയില്‍ എം.പി.മോഹന്‍, സൂരജ് ആനന്ദ്, ബെനഡിക്ട് എന്നിവര്‍ പരിശീലനം നേടി ഇവരുടെ നേതൃത്വത്തിലാണ് നെഴ്‌സറി പരിപാലിക്കുന്നതെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ.യു.രാമാനന്ദ് പറഞ്ഞു.

മൂന്നു മാസത്തെ പരിചരണത്തിന് ശേഷമാണ് കന്നുകള്‍ പറിച്ചുനടാന്‍ കഴിയുകയൂള്ളൂ. നല്ല കുലകള്‍ക്ക് 15 കിലോ തൂക്കം വരെ ലഭിക്കുമെന്നും, 15-16 മാസത്തിനുള്ളിലാണ് വിളവെടുക്കാന്‍ പാകമാകുകയുള്ളൂവെന്നും നെഴ്‌സറി പരിപാലിക്കുന്ന രവിചന്ദ്രന്‍ പറഞ്ഞു.