പരീക്ഷയുടെ ഹാൾ ടിക്കറ്റ് എടുക്കാൻ മറന്നു വഴിയരികിൽ കരഞ്ഞുനിന്ന പെൺകുട്ടിക്കു പൊലീസ് ഡ്രൈവറുടെ സ്നേഹക്കരുതൽ.

നെന്മാറ: പരീക്ഷയുടെ ഹാൾ ടിക്കറ്റ് എടുക്കാൻ മറന്നു വഴിയരികിൽ കരഞ്ഞുനിന്ന പെൺകുട്ടിക്കു പൊലീസ് ഡ്രൈവറുടെ സ്നേഹക്കരുതൽ. പരീക്ഷ തന്നെ നഷ്ടമാകുമെന്ന ഭയന്ന കുട്ടിയെ സമയത്തിനു 10 മിനിറ്റു മുൻപു ഹാളിലെത്തിച്ച ഉദ്യോഗസ്ഥനു നാടിന്റെ സല്യൂട്ട്.

നെന്മാറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ എലവഞ്ചേരി തെക്കുമുറി വീട്ടിൽ സി. ജനാർദനന്റെ മകൾ ജെ. ദിയയ്ക്കാണു ജില്ലാ പൊലീസ് ആസ്ഥാനത്തെ ഡ്രൈവറും ചിറ്റൂർ വിളയോടി സ്വദേശിയുമായ എസ്. സുഭാഷിന്റെ സമയോചിത ഇടപെടൽ അനുഗ്രഹമായത്.

എസ്എസ്എൽസി ഐടി പൊതു പരീക്ഷയ്ക്കായി രാവിലെ നെന്മാറയിലെത്തി കൂട്ടുകാർക്കൊപ്പം ഹാൾ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് എടുത്തിട്ടില്ലെന്ന് അറിയുന്നത്. ഇതോടെ പരീക്ഷ എഴുതാൻ കഴിയില്ലെന്ന ആശങ്കയിൽ കരച്ചിലായി. ഈ സമയത്താണു പാലക്കാട് DHQവിലെ ഡ്രൈവർ ആയ സുഭാഷ് ഹാൾ ടിക്കറ്റ് നഷ്ട്ടപെട്ട ദിയ കരയുന്നതു കണ്ടു കാര്യമന്വേഷിച്ചു.

ഹാൾ ടിക്കറ്റ് മറന്നെന്നും, പരീക്ഷ എഴുതാൻ കഴിയില്ലെന്നും പറഞ്ഞപ്പോൾ ഉടൻ ദിയയെ ബൈക്കിൽ കയറ്റി എലവഞ്ചേരിയിലെ വീട്ടിലെത്തിച്ച്‌ ഹാൾ ടിക്കറ്റ് എടുത്തു തിരിച്ചു നെന്മാറ ഗേൾസ് സ്കൂളിൽ പരീക്ഷയ്ക്ക് എത്തിച്ചു. ദിയയ്ക്ക് ആശങ്കയില്ലാതെ പരീക്ഷ എഴുതാനായത് സുഭാഷിൻ്റെ സമയോചിതമായ ഇടപെടൽ മൂലമാണ്.