കളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥന് തിരികെ നൽകി മാതൃകയായി നെന്മാറ സ്വദേശി.

നെന്മാറ: അയിനംപാടത്ത് പാതയരികിൽ നിന്ന് കളഞ്ഞുകിട്ടിയ പണവും, രേഖകളും അടങ്ങിയ പഴ്‌സ് ഉടമസ്ഥനു തിരിച്ചുനൽകി മാതൃകയായി നെന്മാറ സ്വദേശി. നെന്മാറയിലെ റിട്ട. ഫോറസ്റ്റർ പി.വി. സുബ്രഹ്മണ്യനാണ് കഴിഞ്ഞ ദിവസം പഴ്സ് കിട്ടിയത്. പഴ്‌സിൽ നിന്നു ലഭിച്ച പാൻ കാർഡും, ആധാർ കാർഡും പരിശോധിച്ചശേഷമാണ് പഴ്‌സ് ആലുവ സ്വദേശിയായ ആസിഫിന്റേതാണെന്ന് അറിഞ്ഞത്. ഫോൺ നമ്പർ കണ്ടെത്തി ഉടമസ്ഥനെ നെന്മാറയിലേക്ക് വിളിച്ചുവരുത്തി ഏൽപ്പിച്ചു.

കച്ചവട ആവശ്യങ്ങൾക്ക് തമിഴ്നാട്ടിലേക്ക് പോയി തിരിച്ച് വരുന്നതിനിടയിലാണ് ആസിഫിന്റെ പഴ്സ് നഷ്ട‌പ്പെട്ടത്. ആലുവയിലും, തമിഴ്‌നാട്ടിലെ പോയ സ്ഥലങ്ങളിലും അന്വേഷണം നടത്തുന്നതിനിടയിലാണ് പഴ്‌സ് ലഭിച്ച വിവരം ഫോണിലൂടെ ആസിഫ് അറിഞ്ഞത്. എസ്.എൻ.ഡി.പി. യോഗം നെന്മാറ യൂണിയൻ ഓഫീസിൽ വെച്ച് പഴ്സ് കൈമാറി.