January 15, 2026

ബസിൽ കുഴഞ്ഞുവീണ സഹയാത്രക്കാരന്റെ ജീവൻ രക്ഷിച്ച് മാതൃകയായി ദീപികയും, സന്ധ്യയും.

പാലക്കാട്‌: ബസിൽ കുഴഞ്ഞുവീണ 64 വയസ്സുകാരനെ ജീവൻ രക്ഷാപ്രവർത്തനം നടത്തി (CPR) ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് പൊതുസമൂഹത്തിന് മാതൃകയായിരിക്കുകയാണ് തങ്കം ഹോസ്പിറ്റലിലെ രണ്ടു ജീവനക്കാർ. നെന്മാറ-പാലക്കാട് റൂട്ടിൽ ഓടുന്ന നിർമ്മാല്യം ബസ്സിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് പാലക്കാട് സ്വദേശിയായ 64 വയസ്സുകാരൻ സീറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു.

മറ്റ് യാത്രക്കാർ എന്തു ചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുന്ന സമയത്ത് ബസ്സിലെ സഹയാത്രക്കാരും, പാലക്കാട് തങ്കം ആശുപത്രിയിലെ ജീവനക്കാരുമായ ദീപികയുടെയും, സന്ധ്യയുടെയും അവസരോചിതമായ ഇടപെടൽ രോഗിയുടെ ജീവൻ രക്ഷിച്ചു.

രണ്ടുപേരും മാറി മാറി തുടർച്ചയായി CPR നൽകുകയും, ബസിലുള്ള മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും നൽകിയ പിന്തുണയോടെ രോഗിയെ എത്രയും പെട്ടന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. ദീപികയേയും, സന്ധ്യയേയും തങ്കം ഹോസ്പിറ്റൽ അധികൃതർ ആദരിച്ചു.