ഇരുചക്രവാഹനം അജ്ഞാതര്‍ കത്തിച്ചു.

പാലക്കാട്: വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന ബൈക്ക് സാമൂഹികവിരുദ്ധർ തീയിട്ടുനശിപ്പിച്ചതായി പരാതി. അകത്തേത്തറ ചിത്ര നഗർ കോളനി കല നിവാസിൽ താമസിക്കുന്ന കെ. സുനിലിൻ്റെ ബൈക്കാണ് കഴിഞ്ഞ ദിവസം പുലർച്ച 12.50-ന് കത്തിച്ചത്.

രണ്ടുപേർ വീട്ടുവളപ്പിലെത്തി ബൈക്കിന്റെ എൻജിനടുത്തുള്ള പെട്രോൾ ട്യൂബ് അഴിച്ചശേഷം തീ കൊളുത്തുന്നതായി സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ടെന്ന് സുനിൽ പറഞ്ഞു. ഗേറ്റിനടുത്തും ചിലരുണ്ടായിരുന്നു. യുവാക്കളാണെന്ന് സംശയിക്കുന്നുണ്ട്.

അക്രമിസംഘം ബൈക്കിലാണ് എത്തിയതെന്നാണ് വിവരം. പ്രദേശത്ത് കണ്ടുപരിചയമില്ലാത്തവരാണെന്നും സുനിൽ പറഞ്ഞു. ഹേമാംബിക നഗർ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.