നെന്മാറ: വന്യമൃഗങ്ങൾ കാടിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്ന മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കാൻ കൃഷിവകുപ്പ് പദ്ധതി. നെന്മാറ വനംഡിവിഷനുകീഴിൽ വരുന്ന നെന്മാറ, അയിലൂർ, വണ്ടാഴി ഗ്രാമപ്പഞ്ചായത്തുകളിലെ മലയോരമേഖലയിലാണ് രാഷ്ട്രീയ കിസാൻ വികാസ് യോജന (ആർ.കെ.വി.വൈ.) പദ്ധതിയിലുൾപ്പെടുത്തി തൂക്കുവേലി സ്ഥാപിക്കുന്നത്.
നെല്ലിയാമ്പതി വനമേഖലയിൽ നിന്ന് ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ കാടിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. കേന്ദ്രസർക്കാരിൻ്റെ 60 ശതമാനവും, സംസ്ഥാന സർക്കാരിൻ്റെ 40 ശതമാനം വിഹിതവും ചേർത്താണ് പദ്ധതി നടപ്പാക്കുന്നത്. 10 മേഖലയായി തിരിച്ച് മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിൽ നിലവിലുള്ള സൗരോർജ വേലി നീക്കംചെയ്യാതെയാണ് തൂക്കുവേലി സ്ഥാപിക്കുന്നത്.
4,840 കുടുംബങ്ങളാണ് മലയോരമേഖലയിൽ മൂന്നുപഞ്ചായത്തുകളിലായി വന്യമൃഗ ശല്യം നേരിടുന്നത്. നിലവിലുള്ള സൗരോർജവേലിയും, പുതുതായി സ്ഥാപിക്കുന്ന തൂക്കുവേലിയും സജ്ജമാകുന്നതോടെ വനമേഖലയിൽ നിന്ന് മൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ കഴിയും. നിലവിൽ കൊല്ലങ്കോട് വനംറേഞ്ചിൽ ചപ്പക്കാട് മുതൽ എലവഞ്ചേരി വയുള്ള ഭാഗങ്ങളിൽ സൗരോർജ തൂക്കുവേലി നിർമാണം തുടങ്ങിയിട്ടുണ്ട്.
മലയോര മേഖലയിൽ നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ കൊടുവാൾപ്പാറ മുതൽ വണ്ടാഴി ഗ്രാമപ്പഞ്ചായത്തിലെ തളികക്കല്ലുവരെ 27.5 കിലോ മീറ്ററിലാണ് പുതുതായി സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നത്. ഇതിനായി 2,29,92,000 രൂപയാണ് ചെലവഴിക്കുക.
നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ കൊടുവാൾപ്പാറ മുതൽ തളിപ്പാടംവരെ 7.25 കിലോമീറ്ററും, അയിലൂർ ഗ്രാമപ്പഞ്ചായത്തിലെ തളിപ്പാടം മുതൽ പുത്തൻചള്ളവരെ 9.3 കിലോമീറ്ററും, വണ്ടാഴി ഗ്രാമപ്പഞ്ചായത്തിലെ വെള്ളാട്ടിരിമലയുടെ താഴ്ഭാഗം മുതൽ തളികക്കല്ല് വരെ 10.5 കിലോമീറ്ററിലുമാണ് പുതുതായി വേലി സ്ഥാപിക്കുന്നത്.
Similar News
അപകടഭീഷണിയായി കൂറ്റൻ ആല്മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം