കാട്ടുപന്നി ഇടിച്ച് അപകടമരണം; 7 മാസമായിട്ടും സഹായധനം ലഭിച്ചില്ലെന്ന് പരാതി.

കിഴക്കഞ്ചേരി: സന്തോഷത്തോടെ ചിരിച്ച് സ്കൂളിലേക്കു പോകുമ്പോൾ കാട്ടുപന്നി ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ‘ഡ്രൈവറാന്റി’ മരിച്ച വിഷമത്തിൽ നിന്ന് ആ കുട്ടികൾ മോചിതരായിട്ടില്ല. കുട്ടികളുമായി സ്കൂളിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ കാട്ടുപന്നി ഇടിച്ചു മറിഞ്ഞാണ് കിഴക്കഞ്ചേരി വക്കാല ആലമ്പള്ളം മനോജിന്റെ ഭാര്യ വിജിഷ സോണിയ (37) മരിച്ചത്. മരണം നടന്ന് ഏഴ് മാസമായിട്ടും കുടുംബത്തിന് ഇതുവരെ സഹായധനം ലഭിച്ചിട്ടില്ല.

രേഖകളെല്ലാം സമർപ്പിച്ചിരുന്നു. കഴിഞ്ഞ നവകേരള സദസ്സിലും പരാതി ബോധിപ്പിച്ചെങ്കിലും ഫണ്ട് വരുന്ന മുറയ്ക്ക് ലഭിക്കുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് വിജിഷയുടെ ഭർത്താവ് മനോജ് പറയുന്നു. ഏറെ പ്രതിസന്ധി നേരിട്ടിരുന്ന സമയത്ത് കുടുംബത്തിന് ആശ്വാസമാകുമെന്നു കരുതിയാണ് വിജിഷ സോണിയ ഓട്ടോ ഓടിക്കാൻ ആരംഭിച്ചത്. പക്ഷേ, സ്കൂളിലേക്കുള്ള യാത്രയിൽ കാട്ടുപന്നി മരണത്തിന്റെ രൂപത്തിലെത്തി.

ഓട്ടോയിൽ വാതിൽ ഉള്ളതുകൊണ്ടു മാത്രമാണ് കുട്ടികൾക്ക് വലിയ തോതിൽ അപകടം പറ്റാതിരുന്നത്. വിജിഷയുടെ മകൻ അശോക് പത്തിലും ആകാശ് ഒൻപതിലുമാണ് പഠിക്കുന്നത്. മനോജിന്റെ വരുമാനം മാത്രമാണ് പഠനത്തിനും വീട്ടുചെലവിനുമായുള്ളത്.