എറണാകുളം-പാലക്കാട് മെമു ട്രെയിൻ പൊള്ളാച്ചിയിലേക്കു നീട്ടിയേക്കും.

പാലക്കാട്: എറണാകുളം-പാലക്കാട് മെമു പൊള്ളാച്ചിയിലേക്കു നീട്ടുന്നതിനുള്ള തടസ്സം നീങ്ങുന്നു. ട്രെയിൻ പൊള്ളാച്ചിയിലേക്കു നീട്ടണമെങ്കിൽ ട്രെയിൻ എറണാകുളത്ത് എത്തുമ്പോൾ വൃത്തിയാക്കുകയും, വെള്ളം നിറയ്ക്കുകയും വേണം.

ഇതിനു തിരുവനന്തപുരം ഡിവിഷനിലെ മെക്കാനിക്കൽ വിഭാഗം തയാറായിരുന്നില്ല. മെമു ട്രെയിനുകളുടെ ചുമതല ഇലക്ട്രിക്കൽ വിഭാഗത്തിന് ആയതിനാൽ ക്ലീനിങ് ജോലി ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു മെക്കാനിക്കൽ വിഭാഗം.

പാലക്കാട് ഡിവിഷൻ അയച്ച കത്തുകൾക്കു മറുപടിയുണ്ടായില്ല. ഇലക്ട്രിക്കൽ വിഭാഗവും, മെക്കാനിക്കൽ വിഭാഗവും തമ്മിലുള്ള ശീതസമരം മൂലം ട്രെയിൻ നീട്ടാനുള്ള ശുപാർശയിൽ തീരുമാനം വൈകുന്നത് വാർത്തയായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു.

ട്രെയിൻ വൃത്തിയാക്കുന്ന ജോലി എറണാകുളത്ത് ചെയ്യാമെന്നു കാണിച്ച് ഇന്നലെ തിരുവനന്തപുരം ഡിവിഷൻ, പാലക്കാട് ഡിവിഷനു കത്ത് നൽകി. വൈകാതെ ഇതിനുള്ള കരാർ മെക്കാനിക്കൽ വിഭാഗം ക്ഷണിക്കും. 30 ദിവസത്തിനുള്ളിൽ കരാർ നൽകുമെന്നാണ് അറിയുന്നത്.

ഉച്ചയ്ക്ക് 2.45ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 6.35നാണ് പാലക്കാട് എത്തുന്നത്. വൈകിട്ട് 4നു ശേഷം പൊള്ളാച്ചി പാതയിൽ ട്രെയിനില്ലെന്ന പ്രശ്ന‌ത്തിന് മെമു നീട്ടുന്നതു വഴി പരിഹാരമാകും.

പഴനി വരെ സർവീസ് നടത്താൻ സമയമുണ്ടെങ്കിലും പാലക്കാട് ഡിവിഷൻ അത് പരിഗണിച്ചിട്ടില്ല. രാത്രി 7.45ന് പൊള്ളാച്ചി എത്തുന്ന ട്രെയിൻ 8.45ന് പഴനി എത്തിക്കാൻ കഴിയും. തിരികെ പഴനിയിൽ നിന്നു പുലർച്ചെ 5ന് പുറപ്പെട്ടാൽ പതിവ് സമയമായ 7.20ന് പാലക്കാട് നിന്ന് എറണാകുളത്തേക്കു പുറപ്പെടാം.