ഉത്സവത്തിന്റെ വെടിക്കെട്ടിനായി അനുമതിക്കുള്ള അപേക്ഷ നിരസിച്ചു.

വടക്കഞ്ചേരി: മാര്‍ച്ച് 19 ന് നടക്കുന്ന കുനിശ്ശേരി കുമ്മാട്ടി, മാര്‍ച്ച് 18, 19 തീയതികളില്‍ നടക്കുന്ന കണ്ണമ്പ്ര പള്ളിയറ ഭഗവതി ക്ഷേത്രം വേല, മാര്‍ച്ച് 18 ന് നടക്കുന്ന കാവശ്ശേരി പൂരം, മാര്‍ച്ച് 18, 19 തീയതികളില്‍ നടക്കുന്ന തരൂര്‍ വേല, മാര്‍ച്ച് 21, 22 ന് വടക്കഞ്ചേരി പരുവാശ്ശേരി കുമ്മാട്ടി എന്നിവയോടനുബന്ധിച്ചുള്ള വെടിക്കെട്ട് പ്രദര്‍ശനത്തിനുള്ള അനുമതിക്കായി വിവിധ കമ്മിറ്റികള്‍ നല്‍കിയ അപേക്ഷകള്‍ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു ഉത്തരവിട്ടു.

വെടിക്കെട്ടിനായുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് വെടിക്കെട്ട് നടത്തുന്ന സ്ഥലത്തു നിന്നും 100 മീറ്റര്‍ മാറി പെസോ (പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) അനുശാസിക്കുന്ന നിബന്ധനക്കനുസൃതമായ സംഭരണമുറി/ മഗസിന്‍ (LE-3 ലൈസന്‍സ്) ഉണ്ടായിരിക്കേണ്ടതും ഇത് പ്രദര്‍ശന സ്ഥലത്തിന്റെ സ്‌കെച്ചില്‍ പ്രത്യേകം അടയാളപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുമാണ്.

എന്നാല്‍ ഇത്തരത്തിലുള്ള സംഭരണ മുറികള്‍ ഇവിടങ്ങളില്‍ ഇല്ല. തന്മൂലം സ്ഫോടക വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാതെ വരികയും അശ്രദ്ധവും അശാസ്ത്രീയവുമായ സ്ഫോടക വസ്തുക്കളുടെ ഉപയോഗം വന്‍ അപകടത്തിന് കാരണമാവുകയും ചെയ്യും.

ഉത്സവാഘോഷങ്ങളുടെ ഭാഗമായി വന്‍ ജനസഞ്ചയം തടിച്ചുകൂടുന്ന ക്ഷേത്ര പരിസരത്ത് ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്‌ക് അസസ്മെന്റ് പ്ലാന്‍, ഓണ്‍സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. അപേക്ഷയോടൊപ്പം വിദഗ്ധ ഏജന്‍സി മുന്‍കൂട്ടി തയ്യാറാക്കിയ റിസ്‌ക് അസസ്മെന്റ് പ്ലാനും അപേക്ഷകര്‍ ഹാജരാക്കിയിട്ടില്ല.

സ്ഫോടകവസ്തുക്കളുടെ സാമ്പിളുകള്‍ രാസ പരിശോധനയ്ക്ക് വിധേയമാകാത്ത സാഹചര്യത്തില്‍ ദുരന്ത സാധ്യതയും സുപ്രീം കോടതി ഉത്തരവ് പ്രകാരം ശബ്ദമലിനീകരണവും വിലയിരുത്തുക സാധ്യമല്ല. പ്രദര്‍ശനത്തിനുപയോഗിക്കുന്ന സ്ഫോടകവസ്തുക്കള്‍ എറണാകുളം കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധിച്ച് നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.

മേല്‍പ്പറഞ്ഞ കാരണങ്ങള്‍ക്ക് പുറമേ വെടിക്കെട്ട് നടക്കുന്ന തീയതിയ്ക്ക് രണ്ട് മാസം മുന്‍പാണ് അപേക്ഷിക്കേണ്ടത്. ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാത്തപക്ഷം റിസ്‌ക് അസസ്‌മെന്റ് സ്റ്റഡി നടത്താനോ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കാനോ സാധിക്കാതെ വരുകയും ദുരന്ത നിവാരണ നിയമപ്രകാരമുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാവശ്യമായ സമയ ദൈര്‍ഘ്യം ലഭിക്കാതെ വരുന്നതുംമൂലം ജനങ്ങളുടെ ജീവനും സ്വത്തിനും അപരിഹര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഈ സാഹചര്യത്തിലാണ് കാവശ്ശേരി പൂരം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, തരൂര്‍ വേല കമ്മിറ്റി, കണ്ണമ്പ്ര പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് കോന്നാഞ്ചേരി വേല കമ്മിറ്റി, കുനിശ്ശേരി കുമ്മാട്ടിക്ക് വേണ്ടി കിഴക്കേത്തറ ദേശം, വടക്കഞ്ചേരി പരുവാശ്ശേരി കുമ്മാട്ടി ഉത്സവക്കമ്മിറ്റി എന്നിവര്‍ സമര്‍പ്പിച്ച വെടിക്കെട്ട് പ്രദര്‍ശന അനുമതിക്കായുള്ള അപേക്ഷകള്‍ നിരസിച്ചത്.