തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസ് നിര്‍മാണം പ്രതിസന്ധിയില്‍.

വടക്കഞ്ചേരി: പാലക്കുഴി മലയോരവാസികളുടെ സ്വപ്ന പദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ ശേഷിച്ച നിർമാണ പ്രവൃത്തികള്‍ വെള്ളമില്ലാതെ നിർമാണപ്രതിസന്ധിയില്‍.

കുംഭമാസത്തിലും മഴ ലഭിക്കാതായതോടെ വെള്ളച്ചാട്ടത്തില്‍ നിന്നുള്ള തോട്ടിലും ഒരു തുള്ളി വെള്ളമില്ല. എല്ലാം വറ്റിവരണ്ടു. തൊഴിലാളികള്‍ക്കു കുടിക്കാനും കുളിക്കാനുമുള്ള വെള്ളം ലോറിയില്‍ എത്തിക്കേണ്ട സ്ഥിതിയാണിപ്പോള്‍.

പവർഹൗസിനായുള്ള കെട്ടിട നിർമാണവും മറ്റു സിവില്‍ വർക്കുകളുമാണ് നടന്നു വന്നിരുന്നത്. നല്ല മഴ ലഭിക്കുകയോ വെള്ളം കിട്ടാനുള്ള മറ്റുവഴികളോ കണ്ടെത്താതെ ഇനി പവർഹൗസിനായുള്ള കെട്ടിട നിർമാണം മുന്നോട്ടു പോകാനാകില്ല.

പെൻസ്റ്റോക്ക് പൈപ്പുകള്‍ സ്ഥാപിക്കലും നടത്തേണ്ടതുണ്ട്. എറണാകുളം ഇടപ്പള്ളിയിലെ പാൻ പസഫിക് എന്ന കമ്ബനിയാണ് വർക്കുകള്‍ നടത്തുന്നത്.

ഒരു വർഷത്തിനുള്ളില്‍ ഈ വർക്കുകള്‍ പൂർത്തിയാക്കാൻ ലക്ഷ്യംവച്ചായിരുന്നു കഴിഞ്ഞ നവംബറില്‍ പണികള്‍ പുനരാരംഭിച്ചത്. 4.48 കോടി രൂപയാണ് ഇതിന് കണക്കാക്കിയിട്ടുള്ള തുക.പാലക്കുഴി അഞ്ചുമുക്കിലെ തടയണയില്‍ നിന്നും 294 മീറ്റർ ദൂരത്തില്‍ ലൊ പ്രഷർ പൈപ്പും തുടർന്ന് പവർഹൗസ് വരെയുള്ള 438 മീറ്റർ ദൂരത്തില്‍ ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകളുമാണ് സ്ഥാപിക്കുന്നത്.

60 സെന്‍റീമീറ്റർ വ്യാസം വരുന്നതാണ് ഈ പൈപ്പുകള്‍. പെൻസ്റ്റോക്ക് പൈപ്പ് പവർഹൗസിനടുത്തെത്തുമ്ബോള്‍ രണ്ടായി തിരിച്ച്‌ 500 കിലോവാട്ടിന്‍റെ രണ്ട് ജനറേറ്ററുകള്‍ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദനം നടത്തുക.

വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം വെള്ളം ഇതേ തോടു വഴി തന്നെ താഴേക്കുവിടും. വർഷത്തില്‍ 3.78 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യംവച്ചിട്ടുള്ളത്. പദ്ധതിക്കുള്ള തടയണയുടെ നിർമാണവും കെട്ടിനു മുകളിലൂടെയുള്ള റോഡിന്‍റെ നിർമാണവും നേരത്തെ തന്നെ പൂർത്തിയായിട്ടുണ്ട്.

പദ്ധതി പ്രദേശങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണപ്രവൃത്തികളും കഴിഞ്ഞിട്ടുണ്ട്. തടയണയില്‍ നിന്നും പവർഹൗസിലേക്ക് പെൻസ്റ്റോക്ക് പൈപ്പുകള്‍ സ്ഥാപിക്കുന്ന ഭാഗത്തെ എഴുപതോളം മരങ്ങള്‍ മുറിച്ചു മാറ്റേണ്ടതുണ്ട്. വനപ്രദേശമായതിനാല്‍ വനംവകുപ്പാണ് ഇതു ചെയ്യേണ്ടത്.

ഇവിടെ മരങ്ങള്‍ മുറിക്കുന്നതിനു പകരമായി മറ്റൊരിടത്ത് മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് 37 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്‍റെ ഹൈഡ്രോ കന്പനി കെട്ടിവച്ചിട്ടുണ്ട്.

വെള്ളച്ചാട്ടത്തിനു താഴെ കൊന്നക്കല്‍കടവിലാണ് പവർഹൗസിന്‍റെ നിർമാണം നടക്കുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്‌ഇബിക്ക് കൈമാറും. ഇതിനായി വൈദ്യുതി ലൈൻ എത്തിനില്‍ക്കുന്ന കൊന്നക്കല്‍കടവില്‍ നിന്നും ഒന്നര കിലോമീറ്ററോളമുള്ള ഫൗർഹൗസിലേക്ക് വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിക്കലും ട്രാൻസ്ഫോർമറും സ്ഥാപിച്ചിട്ടുണ്ട്.

ജൂണ്‍മാസം മുതല്‍ ഏഴുമാസക്കാലമാണ് വൈദ്യുതി ഉത്പാദനം നടക്കുക. തുടർന്നുള്ള മാസങ്ങളില്‍ ജല ലഭ്യതക്കനുസരിച്ചാകും ഉത്പാദനം. 2017 ഡിസംബർ 21നാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്.

രണ്ടുവർഷത്തിനകം പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതിക്ക് പിന്നീട് കോവിഡും വനത്തിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിനു വനംവകുപ്പില്‍ നിന്നും അനുമതി വൈകിയതുമെല്ലാം തടസങ്ങളായി മാറി.

ഈ തടസങ്ങള്‍ നീങ്ങിയപ്പോള്‍ കരാർകമ്ബനിയുടെ സാമ്ബത്തിക പ്രതിസന്ധി പുതിയ തടസമായി. ഒടുവില്‍ പഴയ കരാറുകാരന്‍റെ സമ്മതത്തോടെയാണ് പുതിയ കരാർ കമ്ബനിയെ കണ്ടെത്തി നിർമാണം പുനരാരംഭിച്ചത്.