വടക്കഞ്ചേരി: സ്ത്രീധന പീഡനക്കേസിൽ ഭർത്താവിന്റെ സഹോദരനായ രണ്ടാം പ്രതിക്ക് 12 വർഷം തടവുശിക്ഷ. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം പാണ്ടാങ്ങോട് മുരളീകൃഷ്ണനെയാണ് (മുരുകൻ-45) പാലക്കാട് സബ്കോടതി ജഡ്‌ജി ദേവിക ലാൽ ശിക്ഷിച്ചത്. 1,25,000 രൂപ പിഴയുമടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധികതടവ് അനുഭവിക്കണം.
2017 ഫെബ്രുവരി 22-ന് മൂലങ്കോട് ചെട്ടിത്തറക്കാട് അമ്പലപ്പറമ്പിൽ ബാലന്റെ മകൾ ഷീബയെ (29) ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിൻ്റെ പേരിലുള്ള മാനസികവും, ശാരീരികവുമായ പീഡനത്തെത്തുടർന്നാണ് മരണമെന്നാണ് പരാതി. ഭർത്താവ് കണ്ണനാണ് ഒന്നാംപ്രതി. കണ്ണൻ്റെ സഹോദരനും, അമ്മയും, സഹോദരിയും യഥാക്രമം രണ്ടും, മൂന്നും, നാലും പ്രതികളാണ്.
വടക്കഞ്ചേരി പോലീസ് രജിസ്റ്റർചെയ്ത കേസ് ആലത്തൂർ ഡിവൈ.എസ്.പി. മുഹമ്മദ് കാസിം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. ഗ്രേഡ് എസ്.ഐ. വിജയകുമാർ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി ആർ. മനോജ്കുമാർ ഹാജരായി.
ഒന്നാംപ്രതി കണ്ണൻ കേസിന്റെ വിചാരണവേളയിൽ ഒളിവിൽ പോയി. മൂന്നാംപ്രതിയും കണ്ണൻ്റെ അമ്മയുമായ കല്യാണി മരിച്ചിരുന്നു. കണ്ണൻ്റെ സഹോദരി രാജാമണിയെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിടുകയായിരുന്നു. ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.