പാലക്കുഴി-പാലാ-മുണ്ടക്കയം കെഎസ്‌ആര്‍ടിസി ബസിന് പച്ചക്കൊടി.

വടക്കഞ്ചേരി: പാലക്കുഴി-പാലാ-മുണ്ടക്കയം കെഎസ്‌ആർടിസി ബസ് റൂട്ടിന് പച്ചക്കൊടി. ബസ് റൂട്ടിന് അനുകൂലമായ നടപടികളാണ് മന്ത്രി തലത്തില്‍ നടക്കുന്നതെന്ന് വാർഡ് മെമ്പർ പോപ്പി ജോണ്‍ പറഞ്ഞു. കഴിഞ്ഞമാസം കെ.ഡി. പ്രസേനൻ എംഎല്‍എ യുടെ നേതൃത്വത്തില്‍ ബസ് റൂട്ട് സംബന്ധിച്ച്‌ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നിവേദനം നല്‍കിയിരുന്നു.

ഇതേതുടർന്ന് കെഎസ്‌ആർടിസിയുടെ പാലക്കാട് ഡിപ്പോയില്‍ നിന്നുള്ള സംഘം പാലക്കുഴിയില്‍ പരിശോധനക്കെത്തി അനുകൂലമായ പരിശോധന റിപ്പോർട്ട് മന്ത്രിക്ക് നല്‍കി. തുടർനടപടികളും ഇനി വേഗത്തിലാകും എന്ന പ്രതീക്ഷയിലാണ് മലയോര യാത്രക്കാർ. പാലാ ഡിപ്പോയില്‍ നിന്നാണ് ബസ് അനുവദിക്കുക.

പാലക്കുഴിയില്‍ നിന്നും പുലർച്ചെ 5.30ന് ട്രിപ്പ് ആരംഭിക്കും. മുണ്ടക്കയത്തു നിന്നും വൈകുന്നേരം മൂന്നിന് യാത്ര തിരിക്കുന്ന ബസ് രാത്രി ഒമ്പതിന് പാലക്കുഴിയില്‍ തിരിച്ചെത്തും വിധമാണ് റൂട്ട് ക്രമീകരിക്കുന്നത്. ബസ് രാത്രി പാലക്കുഴിയില്‍ കിടക്കും. പുതിയ ബസ് സർവീസ് കൂടി ആരംഭിക്കുന്നതോടെ പാലക്കുഴി വടക്കഞ്ചേരി മേഖലയിലുള്ള തെക്കൻ ജില്ലയില്‍ നിന്നുള്ളവർക്ക് യാത്രാ സൗകര്യം കൂടുതല്‍ മെച്ചപ്പെടും.