നെല്ലിയാമ്പതി ഓറഞ്ച് ഫാമിൽ തണ്ണിമത്തൻ വിളവെടുപ്പ് നടത്തി.

നെന്മാറ: വേനലിൻ്റെ കടുത്ത ചൂടിന് ആശ്വാസം പകർന്നുകൊണ്ട് തണ്ണിമത്തൻ വിളവെടുപ്പ്. ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ ഹൈടെക് കൃഷി രീതിയിൽ രണ്ട് ഏക്കർ സ്ഥലത്ത് ചെയ്ത തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. വിളവെടുപ്പ് ഉൽഘാടനം കൃഷി വകുപ്പ് പാലക്കാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ മിനി ജോർജ്ജ് നിർവ്വഹിച്ചു. ഫാം സൂപ്രണ്ട് പി. സാജിദ് അലി അധ്യക്ഷത വഹിച്ചു.

പകീസ എന്ന ഹൈബ്രിഡ് ഇനമാണ് കൃഷിയിറക്കിയത്. 65 ദിവസം കൊണ്ട് വിളവെടുപ്പ് ആരംഭിക്കാൻ കഴിഞ്ഞു. ഓപ്പൺ പ്രിസിഷൻ ഫാമിംഗ് രീതിയാണ് അവലംബിച്ചത്. കൃഷി ഓഫീസർ ദേവി കീർത്തന, കൃഷി അസിസ്റ്റന്റുമാരായ വസീം, നാരായണൻകുട്ടി, മഹേഷ് എന്നിവരുടെ സാങ്കേതിക മേൽനോട്ടത്തിൽ അറുചാമി, പാർവ്വതി, കാസിം എന്നീ തൊഴിലാളികൾ ആണ് ഈ കൃഷിയുടെ പൂർണ്ണ ചുമതല വഹിച്ചത്.

ഡ്രിപ് ഇറിഗേഷൻ, ഫെർട്ടി ഗേഷൻ മുതലായ നൂതന സാങ്കേതിക വിദ്യകൾ തൊഴിലാളികൾക്ക് പരിചയപ്പെടാനും ഇത് ഏറെ സഹായകമായി.
തണ്ണിമത്തൻ ഉപയോഗിച്ച് സ്ക്വാഷ്, ജാം, ആർ.ടി.ഡി. മുതലായ മൂല്യ വർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി സെയിൽസ് കൗണ്ടറിലൂടെ സന്ദർശകർക്ക് വിൽപ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. കൃഷി ഓഫീസർ ദേവി കീർത്തന, കൃഷി അസിസ്റ്റൻ്റ് മാരായ മഹേഷ്, നാരായണൻ കുട്ടി, തൊഴിലാളി യൂണിയൻ പ്രതിനിധികൾ മുരുകൻ, ബാബു.പി, ആറു ചാമി എന്നിവരും ടെക്നിക്കൽ അസിസ്റ്റൻ്റ് രജിത എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. കൃഷി അസിസ്റ്റൻ്റ് വസീം ചടങ്ങിന് നന്ദി പറഞ്ഞു.

ഹൈടെക് രീതിയിൽ ഫാമിൽ ബ്രോക്കോളി, കോളി ഫ്ലവർ, തക്കാളി, സലാഡ് കുക്കുമ്പർ, വിവിധ ഇനം ചീരകൾ, പച്ചമുളക് മുതലായവ കൃഷി ഇറക്കിയതിൻ്റെ തുടർച്ച എന്നോണമാണ് തണ്ണിമത്തൻ കൃഷിയും ഈ രീതിയിൽ പരീക്ഷിച്ചത്. മികച്ച വിളവ് ആണ് പ്രതീക്ഷിക്കുന്നത്. ശരാശരി 10 മുതൽ 12 കിലോഗ്രാം വരെ തൂക്കം കിട്ടുന്നുണ്ട്.