ദേശീയപാത പന്നിയങ്കരയില്‍ ഇടയ്ക്കിടെ ടോള്‍ നിരക്ക് കൂട്ടുന്നതിനെതിരെ ജനരോഷം ശക്തമായി.

വടക്കഞ്ചേരി: പാത നിർമാണം പൂർത്തിയാക്കാതെ വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത പന്നിയങ്കരയില്‍ ടോള്‍ നിരക്ക് അടിക്കടി വർധിപ്പിക്കുന്നതിനെതിരെ ജനരോഷമുയരുന്നു. രണ്ടു വർഷത്തിനിടെ ഇത് നാലാം തവണയാണ് നിരക്കു കൂട്ടുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് വർധന പ്രാബല്യത്തില്‍ വരും. ടോള്‍ നിരക്ക് കൂട്ടുന്നതല്ലാതെ, യാത്രാ സൗകര്യങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് പ്രതിഷേധങ്ങള്‍ ശക്തമാകാൻ കാരണം.

പുതിയ നിരക്ക് ഇങ്ങനെ ബ്രാക്കറ്റിലുള്ളത് നിലവില്‍ കൊടുത്തു കൊണ്ടിരിക്കുന്ന നിരക്ക്. കാർ, ജീപ്പ്, വാൻ, എല്‍എംവി വാഹനങ്ങള്‍ ഒരു യാത്രയ്ക്ക് 110 (105). ഒരേ ദിവസം മടക്കയാത്രയ്ക്കുകൂടി വരുന്ന തുക 165 (155). ലൈറ്റ് കൊമേഴ്സ്യല്‍ വാഹനം, ലൈറ്റ് ഗുഡ്സ് വാഹനങ്ങള്‍, മിനി ബസ് 170 – 255 (160 – 240). ബസ്, രണ്ട് ആക്സില്‍ ട്രക്ക് 350 – 520 (325 – 485) എന്നിങ്ങനെയാണ് നിരക്കുകള്‍.

ടോള്‍ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ വാണിജ്യേതര വാഹനങ്ങള്‍ക്ക് പുതിയ സാമ്പത്തിക വർഷത്തേക്ക് 340 രൂപയുടെ പ്രതിമാസ പാസ് ഉണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു. കലണ്ടർ മാസമായാണ് ഈ നിരക്ക് കണക്കാക്കുന്നത്.

വർധിപ്പിച്ച ടോള്‍ നിരക്ക് പാത നിർമാണം പൂർത്തീകരിച്ച 28.355 കിലോമീറ്റർ റോഡിന് ബാധകമാണ്. നിർമാണം പൂർത്തിയായെന്ന് അവകാശപ്പെടുമ്പോൾ തന്നെ തൃശൂർ‌ ലൈനിലെ ഇടതു തുരങ്കപാത അറ്റകുറ്റപ്പണിയെന്നു പറഞ്ഞ് നാലുമാസമായി അടച്ചിട്ടിരിക്കുകയാണ്. സർവീസ് റോഡുകളും പലയിടത്തും കൂട്ടിമുട്ടിച്ചിട്ടില്ല. വാണിയമ്പാറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അണ്ടർ പാസ് നിർമാണവും ആരംഭിച്ചിട്ടില്ല. 26.755 കിലോമീറ്റർ ദൂരം റോഡും 1.600 കിലോമീറ്റർ ദൂരം ടണലും ഉള്‍പ്പെടെയാണ് 28.355 കിലോമീറ്റർ ദൂരം കണക്കാക്കിയിട്ടുള്ളത്.

തുരങ്ക പാതകളുടെ നിർമാണ ചെലവ് 165 കോടി രൂപയാണെന്നും കാണിച്ചിട്ടുണ്ട്. അതേസമയം, തുരങ്കപാതയുടെ നിർമാണം പൂർത്തിയായി ഉദ്ഘാടനം നടത്തുമ്പോള്‍ തുരങ്കപാതയുടെ ദൂരം 970 മീറ്റർ എന്നായിരുന്നു.

രണ്ടുവർഷം കഴിഞ്ഞപ്പോള്‍ തുരങ്കപാതയുടെ ദൂരം കൂടി. ഇപ്പോള്‍ 1.600 മീറ്ററായി. ഓരോ വർഷം കഴിയുമ്പോള്‍ തുരങ്കപാതയുടെ നീളം കൂടുന്നത് എങ്ങനെയെന്ന് യാത്രക്കാർക്ക് പിടികിട്ടുന്നില്ല. 2009 ഓഗസ്റ്റ് 24 കണ്‍സഷൻ കരാർ പ്രകാരം കണ്‍സഷൻ കാലാവധി 2032 സെപ്റ്റംബർ 14 ന് അവസാനിക്കും. ഈ കാലാവധി കഴിയുമ്പോള്‍ ടോള്‍ നിരക്കുകള്‍ 40 ശതമാനമായി കുറവു ചെയ്യും എന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഇടക്കിടെ നിരക്ക് കൂട്ടി എട്ട് വർഷം കഴിയുമ്പോള്‍ നിരക്കിന്‍റെ 40 ശതമാനം തന്നെ വലിയ തുകയാകും.

2022 മാർച്ച്‌ 9 അർധരാത്രി മുതലാണ് പന്നിയങ്കരയില്‍ ടോള്‍ പിരിവ് തുടങ്ങിയത്. ഈ രണ്ടു വർഷത്തിനിടെ ടോള്‍ പിരിവിനതിരെ മഹാ സമരങ്ങള്‍ നിരവധി അരങ്ങേറി. ഏപ്രില്‍ മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്നാണ് പുതിയ ഭീഷണി.

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട് തൃശൂർ ജില്ലയിലെ പാണഞ്ചേരി എന്നീ ആറ് പഞ്ചായത്ത് പ്രദേശങ്ങളിലെ വാഹനങ്ങളാണ് ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.