വാവുള്ള്യാപുരം കമ്മാന്തറയിൽ കുടിവെള്ളക്ഷാമം രൂക്ഷം.

ആലത്തൂർ: തരൂർ ഗ്രാമപ്പഞ്ചായത്തിലെ വാവുള്ള്യാപുരം കമ്മാന്തറയിൽ കുടിവെള്ളക്ഷാമം. ജല അതോറിറ്റിയുടെ കാരമല പദ്ധതിയിൽ നിന്നാണ് ഇവിടെ വെള്ളം വിതരണം ചെയ്യുന്നത്. ഫെബ്രുവരി മുതൽ ജലവിതരണം ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി 10 മണിക്കുശേഷം മാത്രമായി ക്രമീകരിച്ചിരുന്നു. രാത്രി ഉറക്കമൊഴിച്ചിരുന്നാലും ശക്തി കുറഞ്ഞ അളവിലാണ് പൈപ്പിൽ വെള്ളംവരുന്നത്.

വെള്ളം ആവശ്യത്തിന് തികയുന്നില്ലെന്ന് വീട്ടമ്മമാർ പറയുന്നു. കൂലിപ്പണിക്കാരായ ആളുകൾ പകൽ ജോലി കഴിഞ്ഞെത്തിയശേഷം ഉറക്കമൊഴിഞ്ഞിരുന്നാലേ വെള്ളംപിടിക്കാൻ കഴിയൂ. നാലോ അഞ്ചോ കുടം വെള്ളംമാത്രമാണ് കിട്ടുക. വെള്ളംവിതരണം രാത്രി എട്ടുമണിമുതലാക്കുകയും പൈപ്പ് മാറ്റിസ്ഥാപിച്ച് ശക്തമായി പമ്പ് ചെയ്യുകയും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പ്രശ്നം ജല അതോറിറ്റി അധികാരികളെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ഗ്രാമപ്പഞ്ചായത്തംഗം വി. പ്രകാശൻ പറഞ്ഞു. ജലക്ഷാമം രൂക്ഷമാകുന്നതിനാലും ദുരുയോഗം തടയാനുമാണ് ജലവിതരണം ക്രമീകരിച്ചതെന്നാണ് ജല അതോറിറ്റി ആലത്തൂർ സെക്ഷൻ അധികാരികളുടെ വിശദീകരണം.

തരൂർ ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡിലെ ചമ്മിണി കോളനിയിലും കുടിവെള്ളക്ഷാമം. നാൽപ്പതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. കാരമല പദ്ധതിയിൽ നിന്ന് രണ്ടു ദിവസത്തിലൊരിക്കലാണ് ഇവിടെ ജലവിതരണം. അഞ്ചോ ആറോ കുടം വെള്ളമേ കിട്ടൂ. നാട്ടുകാർ പിരിവെടുത്ത് കുഴൽക്കിണർ കുഴിച്ചെങ്കിലും വെള്ളം കിട്ടിയില്ല.

ഉയർന്ന പ്രദേശമായ ഇവിടേക്ക് താഴ്ന്ന പ്രദേശത്തുള്ള കിണറിൽനിന്ന് തലച്ചുമടായും വെള്ളം കൊണ്ടുവരുന്നുണ്ട്. സഞ്ചാരയോഗ്യമായ പാതയുടെയും വഴിവിളക്കിന്റെയും അഭാവവും ഇവർ നേരിടുന്നുണ്ട്.