പുതുക്കോട് ശുദ്ധജലക്ഷാമം രൂക്ഷം.

വടക്കഞ്ചേരി: പുതുക്കോട് പഞ്ചായത്തിലെ തെക്കേപ്പറ്റ ഭാഗത്തെ കുന്നുംപുറം, തുപ്പുംകാട്, കുന്നുംപാറ, പടിഞ്ഞാമുറി, തരിശ് പ്രദേശത്തുകാർ ശുദ്ധജലം ഇല്ലാതെ ദുരിതത്തിൽ. പഞ്ചായത്തിലെ 12, 13, 14 വാർഡുകളിലെ 200 ഓളം കുടുംബങ്ങൾക്ക് കുടിക്കാൻ ശുദ്ധജലമില്ല.

ഒന്നിടവിട്ട ദിവസങ്ങളിലാണ് പൈപ്പിൽ ജലം എത്തുന്നത്. അതും ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് വീട്ടമ്മമാരുടെ പരാതി. ജല അതോറിറ്റിയിലും, പഞ്ചായത്തിലും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

മുമ്പ് കടുത്ത വേനലിൽ കണക്കന്നൂരിൽ ഉള്ള തടയണയിൽ നിന്നാണ് ഈ പ്രദേശങ്ങളിലേക്കെല്ലാം ശുദ്ധജലം എത്തിച്ചിരുന്നത്. എന്നാൽ ഇക്കുറി തടയണയിൽ ജലം ഇല്ലാത്ത അവസ്ഥയാണ്.

ഒരടി വെള്ളം മാത്രമാണ് തടയണയിൽ ഉള്ളത്. ജനുവരിയിൽ തടയണ നിറച്ചിടുന്ന പതിവ് ഇക്കുറി ഉണ്ടായില്ലെന്നും പരാതിയുണ്ട്. കുടിക്കാൻ ശുദ്ധജലം പോലുമില്ലാതെ വീർപ്പുമുട്ടുമ്പോൾ അധികൃതർ നിസംഗത പുലർത്തുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

വെള്ളമില്ലാതെ താമസം മാറ്റേണ്ട സ്ഥിതിയിലാണ് പല വീട്ടുകാരും. രണ്ടുമാസം ശുദ്ധജലമില്ലാതെ ബുദ്ധിമുട്ടുന്നതിന് പരിഹാരം കാണണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം. അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.