വടക്കഞ്ചേരി: ദേശീയപാതകളിൽ ഇടതുവശത്തെ ട്രാക്കിനോടുചേർന്ന് വെള്ളവരയിട്ട് തിരിച്ചിട്ടുള്ള ഭാഗത്തിന് (ഷോൾഡർ) നിശ്ചിതവീതി വേണമെന്ന നിബന്ധന കർശനമാക്കുന്നു. ട്രാക്കിൻ്റെ അതിരിൽ നീളത്തിലുള്ള വെള്ളവരയ്ക്കുശേഷം 1.5 മീറ്റർ ടാറിങ്ങും, റോഡിൻ്റെ അതേനിരപ്പിൽ ഒരുമീറ്റർ വീതിയിൽ മണ്ണിട്ടഭാഗവും ഉണ്ടാകണമെന്നാണ് നിയമം. ഏതെങ്കിലും വാഹനം കേടായാൽ ട്രാക്കിൽനിന്നിറക്കി സുരക്ഷിതമായി നിർത്തുന്നതിനാണ് നിയമം നിർബന്ധമാക്കുന്നത്.
കേരളത്തിലെ ദേശീയപാതകളിൽ സ്ഥലപരിമിതിമൂലം ഭൂരിഭാഗം സ്ഥലത്തും വെള്ളവരയ്ക്കുശേഷം ഒരുമീറ്റർ വീതിയിലേ ടാറിങ്ങുള്ളൂ. സ്ഥലമേറ്റെടുപ്പ് എളുപ്പമല്ലാത്തതിനാൽ നിശ്ചിതവീതിയിൽ ഷോൾഡർ നിർമിക്കാനാകുമോ എന്ന ആശങ്കയുമുണ്ട്. ഗതാഗതമന്ത്രാലയത്തിൽനിന്ന് ഇളവുകൾ ലഭിച്ചില്ലെങ്കിൽ ദേശീയപാതാവികസനം പ്രതിസന്ധിയിലാകും. ഇനിമുതൽ രണ്ട്, നാല്, ആറ്, എട്ട് വരി ദേശീയപാതകളുടെ നിർമാണം നടക്കുമ്പോൾ ടാറിങ്ങുള്ള ഭാഗവും മണ്ണിട്ടഭാഗവും ചേർത്ത് 2.5 മീറ്റർ വീതിയിൽ ഷോൾഡർ വേണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഗതാഗതമന്ത്രാലയം കരട് വിജ്ഞാപനമിറക്കിയിട്ടുണ്ട്.
മണ്ണിട്ട് കെട്ടിയുയർത്തുന്ന റോഡാണെങ്കിൽ വെള്ളവരയ്ക്കുശേഷം 2.5 മീറ്റർ വീതിയിൽ ടാറിങ് വേണം. പാലങ്ങളിലും ഷോൾഡറിന്റെ വീതി മാറ്റമില്ലാതെ തുടരണം. നടപ്പാതയുള്ള ഭാഗങ്ങളിൽ റോഡിനും നടപ്പാതയ്ക്കുമിടയിൽ കൈവരിയും നിർബന്ധമാണ്. കരട് വിജ്ഞാപനത്തിൽ പറയുന്ന കാര്യങ്ങളിൽ സംസ്ഥാനസർക്കാരുകളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ പരിശോധിച്ചശേഷം അന്തിമ വിജ്ഞാപനമിറക്കും.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിലും, വടക്കഞ്ചേരി-വാളയാർ ദേശീയ പാതയിലും ഇനിയും വശങ്ങൾ വീതി കൂട്ടുക എന്നത് ബുദ്ധിമുട്ടാണ്. ചിലയിടങ്ങളിൽ നല്ല വീതിയുണ്ട് ചില സ്‌ഥലങ്ങളിൽ വീതിയും കുറവാണ്. നിശ്ചിതവീതി വേണമെന്ന നിബന്ധന മുന്നോട്ടു വന്നാൽ കേരളത്തിലെ മിക്ക ദേശീയ പാതകളിലെ സ്ഥിതിയും ഇത് തന്നെയാണ്.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.