വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപാലം 5 സ്ഥലങ്ങളിൽ വീണ്ടും കുത്തിപ്പൊളിച്ചു. തൃശൂരിൽ നിന്ന് പാലക്കാട്ടേക്കു പോകുന്ന മൂന്നു വരി പാലം പൂർണമായും അടച്ചാണു നിർമാണം നടത്തുന്നത്. പാലത്തിന്റെ ഉരുക്കുപാളി ഘടിപ്പിച്ച ഭാഗം പൊളിച്ചുനീക്കിയാണ് നിർമാണം നടത്തുന്നത്. ചിലയിടങ്ങളിൽ റോഡിനു വിള്ളലും വീണിട്ടുണ്ട്.
പാലത്തിന്റെ രണ്ടു ബീമുകൾ തമ്മിൽ ചേരുന്ന ഭാഗത്തു വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം അനുഭവപ്പെട്ടതോടെയാണ് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ഗതാഗതം നിരോധിച്ച് കഴിഞ്ഞ ദിവസം ബലപ്പെടുത്തൽ തുടങ്ങിയിരിക്കുന്നത്. 420 മീറ്റർ നീളമുള്ള പാലത്തിൽ ഇരുഭാഗത്തുമായി 55 സ്ഥലങ്ങളിൽ നിർമാണ പാളിച്ചമൂലം ടാറിങ് കുത്തിപ്പൊളിച്ച് വീണ്ടും ബലപ്പെടുത്തി ടാറിങ് നടത്തിയിരുന്നു.
പാലത്തിൻ്റെ ബലക്ഷയം സംബന്ധിച്ച് വിദഗ്‌ധ സമിതി അന്വേഷണം നടത്തിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. തുരങ്കപാതകളിൽ ഒന്ന് അടച്ചത് മൂലമുള്ള കുരുക്കുകൾക്കു പുറമേ വടക്കഞ്ചേരി മേൽപാലവും അടച്ചതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി.
കോൺക്രീറ്റിങ്ങിനായി ഇടതു തുരങ്കവും, അറ്റകുറ്റപ്പണികൾക്കായി വടക്കഞ്ചേരി മേൽപാലവും അടച്ചതിനാൽ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ ടോൾനിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് വിശദീകരണംതേടി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
വാണിയംപാറ സ്വദേശി ജോർജ് ഫിലിപ്പാണ് ഹർജി നൽകിയത്. ആറുവരിപ്പാതയിലെ ടോൾ തുകയിൽ 64.6 ശതമാനവും ഈടാക്കുന്നത് തുരങ്കത്തിലൂടെയുള്ള യാത്രയ്ക്കാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു ദേശീയപാത അതോറിറ്റിയിൽനിന്നു മറുപടി ലഭിച്ചിരുന്നു. ഈ രേഖയുൾപ്പെടെ ഹർജിയിൽ സമർപ്പിച്ചിട്ടുണ്ട്.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.