കുതിരാൻ തുരങ്കം ബലപ്പെടുത്തൽ ഈ മാസം പൂർത്തിയാക്കും.

വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാൻ തുരങ്കത്തിനുള്ളിലെ അറ്റകുറ്റപ്പണികൾ ഈ മാസം പൂർത്തിയാക്കുമെന്നു നിർമാണ കമ്പനി അധികൃതർ അറിയിച്ചു. പാലക്കാട്ടു നിന്നു തൃശൂരിലേക്കു പോകുന്ന ഭാഗത്തെ തുരങ്കത്തിൻ്റെ മുകൾ ഭാഗത്ത് ഇരുമ്പ് ആർച്ചുകൾ പാകി വെൽഡ് ചെയ്തു കോൺക്രീറ്റിങ് നടത്തുന്ന പണികളാണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്.

അറ്റകുറ്റപ്പണികൾ 4 മാസം കൊണ്ടു പൂർത്തിയാക്കുമെന്നാണു നിർമാണ കമ്പനിയും ദേശീയപാത അതോറിറ്റിയും അറിയിച്ചിരുന്നത്. എന്നാൽ ജനുവരിയിൽ ആരംഭിച്ച പണികൾ പൂർത്തിയാകാൻ വൈകി. നിർമാണത്തിനായി ഒരു തുരങ്കം അടച്ചതോടെ മറുതുരങ്കം വഴി രണ്ടു വരിയായാണു വാഹനങ്ങൾ കടത്തിവിടുന്നത്.

കഴിഞ്ഞ വർഷം മഴയിൽ തുരങ്കമുഖത്തു വഴുക്കുംപാറ പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്നു ജൂലൈ മുതൽ പാതയുടെ ഒരുഭാഗം അടച്ചിട്ടത് 7 മാസത്തിനു ശേഷമാണു തുറന്നത്. പന്നിയങ്കരയിൽ ടോൾ നിരക്കിന്റെ 60 ശതമാനം തുക ഈടാക്കുന്നതു കുതിരാൻ തുരങ്കത്തിലൂടെ കടന്നു പോകാനാണ്. കുതിരാൻ തുരങ്കത്തിലൂടെ സുഗമമായ യാത്ര സാധ്യമല്ലാത്തതിനാൽ ടോൾ തുകയിൽ ആനുപാതികമായ കുറവു നൽകണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും നിർമാണ കമ്പനി നിരക്കു കുറയ്ക്കാൻ തയാറായിരുന്നില്ല.

ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധന കഴിഞ്ഞ ദിവസം നടന്നു. വൈദ്യുതീകരണത്തിലെ പാളിച്ചകൾ ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ എക്സോസ്‌റ്റ് ഫാനുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും ഇരുചക വാഹനങ്ങൾ ഓടിക്കുന്നവർക്കു ശ്വാസംമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും പരാതിയുണ്ട്.