നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്താൻ അനുമതി.

നെല്ലിയാമ്പതി: തോട്ടം തൊഴിലാളികളുടെയും, ആദിവാസികളുടെയും വർഷങ്ങളായുള്ള ചികിത്സാ ദുരിതത്തിന് പരിഹാരമാകുന്നു. നെല്ലിയാമ്പതി കൈകാട്ടിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തെ ആർദ്രം മൂന്നാം ഘട്ട പദ്ധതിയിലുള്‍പ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തുന്നതിനാവശ്യമായ തുക അനുവദിച്ചു.

നെല്ലിയാമ്പതി വികസന സമിതി ചെയർമാൻ റഷീദ് ആലത്തൂർ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടർ നടപടി. കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്‍റെ ഭാഗമായി ആവശ്യമായ തുടർ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.

നിലവില്‍ നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ രണ്ടു മെഡിക്കല്‍ ഓഫീസർമാരില്‍ ഒരാള്‍ ഗൈനക്കോളജിസ്റ്റ് ആയതിനാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണെന്നും, കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതോടെ സ്ഥിരം ഡോക്ടറുടെ സേവനം ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട്.

കൂടാതെ ജൂണിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ, ജൂണിയർ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലെ ഒഴിവുകള്‍ നികത്തുവാനും, പുതിയ രണ്ടു സ്റ്റാഫ് നഴ്സ് തസ്തിക സൃഷ്ടിക്കുന്നതിനുമുള്ള പ്രെപ്പോസല്‍ സർക്കാരിന്‍റെ പരിഗണനയിലുമാണ്.

കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തമ്പോള്‍ സേവനത്തിന് ആവശ്യമായ ജീവനക്കാരെ പഞ്ചായത്ത് പദ്ധതി മുഖേന നിയമിക്കുന്നതിന് ആവശ്യമായ പദ്ധതി ഗ്രാമപഞ്ചായത്തിനോട് തയാറാക്കുന്നതിനും നിർദ്ദേശം നല്‍കിയതായി റഷീദ് ആലത്തൂരിന് നല്‍കിയ കത്തില്‍ പറയുന്നു. അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനാല്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്ത സ്ഥിതിയാണ് നെല്ലിയാമ്പതിയിലുള്ളത്.

കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതോടെ പൂർണസമയ ഡോക്ടറുടെ സേവനം ലഭിക്കുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ക്കും ആശ്വാസമാകും.