താങ്ങുതടികള്‍ വെട്ടിയൊതുക്കി അടുത്ത സീസണിന്‍റെ ഒരുക്കത്തില്‍ കര്‍ഷകര്‍.

വടക്കഞ്ചേരി: മലയോര മേഖലയില്‍ കുരുമുളകിന്‍റെ വിളവെടുപ്പ് പൂർത്തിയാക്കി അടുത്ത സീസണിനായി തോട്ടങ്ങള്‍ ഒരുക്കുന്ന തിരക്കുകളിലാണ് കർഷകർ. ഒരു സീസണിലെ വിളവെടുപ്പ് കഴിഞ്ഞാല്‍ മുളകിന്‍റെ താങ്ങുമരങ്ങളെല്ലാം വെട്ടി ഒതുക്കും. പടർന്നു നില്‍ക്കുന്ന കൊമ്പുകളെല്ലാം മുറിച്ചുമാറ്റി കുരുമുളക് കൊടികള്‍ക്ക് നല്ല വെയില്‍ കിട്ടുന്ന സ്ഥിതിയിലാക്കും.

നല്ല വെയില്‍ കിട്ടിയാലെ അടുത്ത സീസണില്‍ നല്ല വിളവുണ്ടാകു. മഴ ആരംഭിക്കുന്നതോടെ കൊടികളില്‍ ഇനി തിരികള്‍ നിറയും. കീടബാധ കുറയാനും കൊടികള്‍ക്ക് കരുത്ത് കിട്ടാനും സൂര്യതാപമേല്ക്കണം. യഥാസമയങ്ങളില്‍ പരിചരണമുണ്ടെങ്കിലെ കുരുമുളകില്‍ നിന്നും നല്ല ആദായം കിട്ടൂ.

സീസണ്‍ പിൻവാങ്ങുന്നതോടെ മലയോര മേഖലയിലെ കർഷകരുടെ തിരക്കുകള്‍ക്കും താത്കാലിക ശമനമാവുകയാണ്. കഴിഞ്ഞ രണ്ടു മൂന്ന് മാസങ്ങളായി മുളക് പറിക്കലും ഉണക്കലും വൃത്തിയാക്കലുമായി കുരുമുളക് ചൂരിലായിരുന്നു മലമ്പ്രദേശങ്ങള്‍. മലയോരത്ത് പത്ത് കുരുമുളക് കൊടികളെങ്കിലും ഇല്ലാത്ത വീടുകളുണ്ടാകില്ല.

കുറഞ്ഞ സ്ഥലമുള്ളവരാണെങ്കിലും ഉള്ള സ്ഥലത്ത് മുളക് കൊടികള്‍ക്കാണ് ആദ്യ പരിഗണന നല്‍കുക. റബർ വില ആടിയുലഞ്ഞു നില്‍ക്കുന്നതിനാല്‍ കുരുമുളകിന്‍റെ വിലയെ ആശ്രയിച്ചാണ് ഒരു വർഷത്തെ കുടുംബ ബജറ്റുകള്‍ തയാറാക്കുന്നത്. മക്കളുടെ പഠനം മുതല്‍ വിവാഹം വരെയും വീടു റിപ്പയർ മുതല്‍ തോട്ടം പരിചരണം വരെയും എല്ലാം ഈ കറുത്തമുത്തിനെ ചുറ്റിപ്പറ്റിയാകും.

വിളവ് കുറവായിരുന്നെങ്കിലും ഇക്കുറി ഭേദപ്പെട്ട വിലയുണ്ടായി. തുടർച്ചയായ പ്രളയങ്ങള്‍ മൂലം കൊടികള്‍ക്കുണ്ടായ കേട്, ചൂട് മറ്റു കാലാവസ്ഥ വ്യതിയാനങ്ങള്‍ തുടങ്ങി കർഷകരെ ബുദ്ധിമുട്ടിലാക്കാൻ ഇക്കുറിയും പല കാരണങ്ങളുണ്ടായി.

മുളക് പറിക്കല്‍, ഉണക്കല്‍, വൃത്തിയാക്കല്‍ തുടങ്ങിയവക്കെല്ലാം വരുന്ന ചെലവുകള്‍ ഉയർന്നു നിന്നു. മുമ്ബൊക്കെ തമിഴ്നാട്ടില്‍ നിന്നുള്ള സംഘങ്ങള്‍ മുളക് പറിക്കാൻ മല കയറി എത്തുമായിരുന്നു ഇപ്പോള്‍ അതില്ല. ചില പ്രദേശത്ത് യുവാക്കള്‍ തന്നെ സംഘടിച്ച്‌ മുളക് പറിക്കലില്‍ പങ്കാളികളായത് വലിയ ആശ്വാസമായി. വളക്കൂറുള്ള മണ്ണായതിനാല്‍ കള കൂടി വർഷത്തില്‍ നാല് തവണയെങ്കിലും കാട് വെട്ടി മുളക് തോട്ടം വൃത്തിയാക്കണമെന്ന് കർഷകർ പറയുന്നു.

ജൈവഗ്രാമമായതിനാല്‍ പാലക്കുഴിപോലെയുള്ള മലയോരത്തെ കുരുമുളകിന് വില കൂടുതലുണ്ടെന്നതാണ് ആശ്വാസം. എക്സ്പോർട്ട് ക്വാളിറ്റിയുള്ള കുരുമുളകാണ് പാലക്കുഴിയിലേത്. ഇതിനാല്‍ വിപണി വിലയേക്കാള്‍ ഇരുപത്, ഇരുപത്തഞ്ച് രൂപ കൂടുതല്‍ കിട്ടും. കുഞ്ചിയാർപതി, തളികകല്ല്, കടപ്പാറ മംഗലംഡാമിന്‍റെ മറ്റു മലപ്രദേശങ്ങളിലും ഡിമാന്‍റുള്ള കുരുമുളകാണ് വിളയുന്നത്. തൂക്കകൂടുതലും വലുപ്പവുമുള്ള നീലമുണ്ടി ഇനമാണ് പാലക്കുഴി ഉള്‍പ്പെടെയുള്ള മലയോര മേഖലയില്‍ കൂടുതലുമുള്ളത്.

കരിമുണ്ട, കരിമുണ്ടി, പന്നിയൂർ ഒന്ന് മുതല്‍ ആറ് വരെയുള്ള ഇനങ്ങളും അറക്കളം മുണ്ടി, നാരായ കൊടി തുടങ്ങിയ ഇനങ്ങളുമുണ്ട്. ഓരോ വർഷവും വിളവെടുപ്പ് സീസണില്‍ എന്തെങ്കിലുമൊക്കെ പ്രതിസന്ധികള്‍ കർഷകർക്ക് നേരിടേണ്ടി വരും.

എങ്കിലും കിട്ടാത്തതിനെക്കുറിച്ചോ നഷ്ടപ്പെടുന്നതിനെക്കുറിച്ചോ പരാതിപ്പെടാതെ അധ്വാനം തുടരുകയാണ് മലയോര കർഷകരെല്ലാം. മണ്ണുചതിക്കില്ലെന്ന വിശ്വാസത്തില്‍ ഒരു സീസണില്‍ അല്ലെങ്കില്‍ മറ്റൊരു സീസണില്‍ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയാണ് അധ്വാനത്തിനെല്ലാം പ്രചോദനമാകുന്നത്.