നെന്മാറ: ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ലാത്ത ഹാജിറയ്ക്ക് ഒരേക്കർ ഭൂമിയുണ്ടെന്ന് സിവിൽ സപ്ലൈസ് വകുപ്പ്. ഇതോടെ മുൻഗണനാ വിഭാഗത്തിൽ നിന്നു മാറ്റി പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തി പുതിയ റേഷൻകാർഡും അനുവദിച്ചു.
പെൻഷനും മുൻഗണനാ കാർഡിൽ നിന്നുള്ള റേഷൻ വിഹിതവും വാങ്ങി വർഷങ്ങളായി ജീവിതം മുന്നോട്ടുനീക്കിയ നെന്മാറ കൽമൊക്ക് സ്വദേശി ഹാജിറയാണ് ഒരുദിവസംകൊണ്ട് ഒരേക്കർ ഭൂമിയുടെ ഉടമയാണെന്ന് ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ കണ്ടെത്തിയത്.
മാർച്ച് വരെ മുൻഗണനാവിഭാഗം റേഷൻകാർഡുപയോഗിച്ചാണ് കൽമൊക്കിലെ റേഷൻകടയിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങിയിരുന്നത്. ഏപ്രിലിൽ ഭക്ഷ്യധാന്യം വാങ്ങാനായി പോയപ്പോഴാണ് കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റിയെന്ന് റേഷൻകടയുടമ അറിയിച്ചത്. തുടർന്ന് ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് ഹാജിറയുടെ പേരിൽ ഒരേക്കർ ഭൂമിയുണ്ടെന്ന് അധികൃതർ അറിയിച്ചത്.
പിന്നീട് നെന്മാറ വില്ലേജോഫീസിൽ നിന്ന് ഹാജിറയുടെപേരിൽ ഭൂമിയൊന്നുമില്ലെന്നും മകളുടെ പേരിൽ മൂന്നുസെന്റ് ഭൂമി മാത്രമാണുള്ളതെന്നുമുള്ള സാക്ഷ്യപത്രംവാങ്ങി സപ്ലൈ ഓഫീസിൽ ഹാജരാക്കിയെങ്കിലും പൊതുവിഭാഗത്തിൽനിന്ന് മാറ്റിനൽകിയില്ല. ഇതോടെ ഹാജിറയ്ക്ക് ഭക്ഷ്യധാന്യങ്ങൾ പണംകൊടുത്ത് വാങ്ങേണ്ട സ്ഥിതിയായി.
ഭൂമിയില്ലെന്ന് തെളിയിക്കുന്ന രേഖ നൽകിയിട്ടും അപേക്ഷ വാങ്ങാൻ പോലും ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ഹാജിറ പറയുന്നു. അക്ഷയകേന്ദ്രം മുഖേന റേഷൻകാർഡിലെ തെറ്റുതിരുത്താനുള്ള അപേക്ഷയിൽ വന്ന പിഴവായിരിക്കാമെന്നും സർക്കാർ നിർദേശമില്ലാതെ മുൻഗണനാവിഭാഗത്തിലേക്ക് കാർഡ് മാറ്റിനൽകാൻ കഴിയില്ലെന്നുമാണ് സപ്ലൈ ഓഫീസ് അധികൃതർ പറയുന്നത്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.