ഓണക്കാല പച്ചക്കറി കൃഷിപ്പണികള്‍ക്ക് തുടക്കം.

നെന്മാറ: ഓണക്കാല പച്ചക്കറി കൃഷിപ്പണികള്‍ക്ക് തുടക്കമായി. നെന്മാറ, വിത്തനശേരി, പല്ലാവൂർ, അയിലൂർ, പാളിയമംഗലം, തിരുവഴിയാട്, കരിങ്കുളം, കരിമ്പാറ എന്നിവിടങ്ങളിലായാണ് പച്ചക്കറി കൃഷിക്ക് തുടക്കമായത്.

പാടശേഖരങ്ങളിലെ കൃഷിയിടങ്ങള്‍ ഉറുതുമറിച്ച്‌ കാലിവളം, ജൈവവളം, ചുണ്ണാമ്പ് എന്നിവ ചേർത്ത് പ്രത്യേകരീതിയില്‍ തടമെടുത്ത് വെള്ളത്തിന്‍റെ നീരൊഴുക്ക് ഇല്ലാതാക്കിയാണ് തൈകള്‍ വളർത്തുന്നത്.

വിപണിയില്‍ ആദ്യമെത്തുന്ന വയക്ക് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ . ഇടവിളകളായി ചീര, മുളക്, വഴുതന എന്നീ തൈ ചെടികളും നട്ടുപിടിപ്പിക്കുന്നുമുണ്ട്. പ്രധാന കൃഷിയായ പാവല്‍, പയർ എന്നിവയുടെ മികച്ച ഉത്പാദന ശേഷിയുള്ള നല്ലയിനം വിത്തുകള്‍ ശേഖരിച്ച്‌ തടങ്ങളില്‍ തന്നെ മുളപ്പിച്ചെടുക്കുന്നു. ശേഷം ചെടികള്‍ പടർന്നു കയറുന്നതിനു വേണ്ട പന്തലുകള്‍ ഒരുക്കുന്ന തിരക്കിലാണ് കർഷകർ.

ഇടവിട്ട് പെയ്യുന്ന വേനല്‍മഴ കർഷകർക്കൊരനുഗ്രഹമാണ്. വിപണിയില്‍ ഉയർന്ന വില ലഭിക്കുന്നതിനു വേണ്ടി പൂർണമായും ജൈവരീതിയില്‍ കൃഷി ചെയ്യുന്നതിനും തയാറായി പല കർഷകരും മുന്നോട്ടു വന്നിട്ടുണ്ട്.

കർഷകർക്ക് സമയങ്ങളില്‍ വേണ്ടുന്ന നിർദേശങ്ങള്‍ നല്‍കുന്നുണ്ട്. സ്വന്തമായുള്ള കൃഷിയിടങ്ങളില്‍ കൃഷി ചെയ്യുന്നവരുണ്ടെങ്കിലും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ് ഏറെയും. ഏക്കറൊന്നിന് നാല്‍പത്തയ്യായിരം മുതല്‍ അമ്പതിനായിരം രൂപ വരെ പാട്ടം നല്‍കുന്നവരും ഉണ്ട്.

തൃശൂർ, പറവൂർ, എറണാകുളം മാർക്കറ്റുകളിലേക്കാണ് ഏറിയ പങ്കും പച്ചക്കറികള്‍ കയറ്റി പോകുന്നത്. കഴിഞ്ഞവർഷങ്ങളില്‍ അയിലൂർ, പാളിയമംഗലം, കരിങ്കുളം പ്രദേശങ്ങളില്‍ നിന്നും ദിനംപ്രതി അഞ്ചു ലോഡ് പച്ചക്കറി വരെ കൊണ്ടു പോയിരുന്നു.