കായികനേട്ടങ്ങളുടെ പടികയറി വണ്ടാഴി സി.വി.എം.എച്ച്.എസ്.എസ്.

വണ്ടാഴി: ബോൾ ബാഡ്‌മിൻ്റൺ ദേശീയ ടീമിൽ വിവിധ വിഭാഗങ്ങളിലായി ഓരോ വർഷവും ശരാശരി അഞ്ച് കുട്ടികൾ, സെപക്‌താക്രോയിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം, ഫുട്ബോളിൽ കഴിഞ്ഞ വർഷം സബ് ജില്ലാതലത്തിൽ ഒന്നാംസ്ഥാനം.

എട്ട് വർഷം തുടർച്ചയായി എസ്.എസ്.എൽ.സി. പരീക്ഷയിൽ സമ്പൂർണവിജയം എന്ന പഠനമികവിനൊപ്പം കായികമേകലയിൽ നേട്ടങ്ങളുടെ പടവുകൾ കയറുകയാണ് വണ്ടാഴി സി.വി.എം.എച്ച്.എസ്. സ്‌കൂൾ. കഴിഞ്ഞ വർഷം 17 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ആഗ്നസും സെപക്താക്രോയിൽ സീനിയർ പെൺകുട്ടികളുടെ ജില്ലാ ടീം ക്യാപ്റ്റനായും സംസ്ഥാന ടീം ക്യാപ്റ്റനായും എസ്. പൂജയും തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനമായി. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി ലളിതമായി നോട്ടുകൾ തയ്യാറാക്കി പ്രത്യേകപരിശീലനം നൽകുന്നുണ്ട്.

ഹയർസെക്കൻഡറിയിൽ കുട്ടികൾ മുൻകൈയെടുത്ത് ഫിസിക്‌സ് ലാബിലെ പരീക്ഷണങ്ങൾ മലയാളത്തിൽ വിശദീകരിച്ച് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിലൂടെ എല്ലാവർക്കും പാഠങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു. സ്‌കൂളിലെ എല്ലാ ക്ലാസ് മുറികളും സ്‌മാർട്ട് ക്ലാസ് മുറികളാണ്. വിശാലമായ ലാബും സ്കൂ‌ളിലെ പ്രത്യേകതയാണ്.

സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 2016-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്ന ‘മഴവില്ലെ’ന്ന പരിപാടിയിൽ സ്കൂളിലെ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടതും അഭിമാനനേട്ടമായി. സ്കൗട്‌സ് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ്., റെഡ് ക്രോസ് തുടങ്ങിയവയും സ്‌കൂളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്കായി എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ വീട് നിർമിച്ചുനൽകുന്നുമുണ്ട്. 1900-ലാണ് സ്കൂൾ ആരംഭിച്ചത്. നെല്ലിക്കലിടം കോമ്പു അച്ഛനാണ് ആദ്യമാനേജർ. ആദ്യ പ്രധാനാധ്യാപകനായിരുന്ന രാമചന്ദ്രൻ അയ്യർക്ക് പ്രധാനാധ്യാപകനുള്ള ദേശീയ പുരസ്ക‌ാരം ലഭിച്ചിട്ടുണ്ട്.