നൂറടിപ്പുഴ ശുചീകരണത്തിന് യന്ത്രമുപയോഗിക്കാൻ അനുമതി.

നെല്ലിയാമ്പതി: നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലൂടെ ഒഴുകുന്ന നൂറടിപ്പുഴ ശുചീകരിക്കുന്നതിന് മണ്ണുമാന്തിയന്ത്രമുപയോഗിക്കുന്നതിന് വനംവകുപ്പ് അനുമതി നൽകും. പോത്തുണ്ടി വനംവകുപ്പ് ചെക്പോസ്റ്റിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് യു. മീനു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. സഹനാഥൻ എന്നിവർ നടത്തിയ പ്രതിഷേധത്തെത്തുടർന്നാണ് വനംവകുപ്പ് അനുമതിനൽകാൻ തീരുമാനിച്ചത്.

പ്രളയത്തിൽ നൂറടിപ്പുഴയിലേക്ക് മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിവീണും ഒഴുക്ക് തടസ്സപ്പെട്ട ഭാഗങ്ങളിൽ ഇവ പൂർണമായും മാറ്റുന്നതിന് ഗ്രാമപ്പഞ്ചായത്ത് റൂം ഫോർ റിവർ പദ്ധതിയിൽ 30 ലക്ഷം രൂപ വകയിരുത്തിയിരുന്നു.

പദ്ധതി നടപ്പാക്കുന്നതിന് ചെറുകിട ജലസേചനവിഭാഗത്തിന് തുക കൈമാറുകയും ചെയ്‌തു. കളക്ടറും നെന്മാറ വനംഡിവിഷൻ ഓഫീസറും അനുമതി നൽകിയിട്ടും നെല്ലിയാമ്പതി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ യന്ത്രസാമഗ്രികൾ ഉപയോഗിക്കാൻ പാടില്ലെന്ന് നിർദേശം നൽകിയതാണ് ജനപ്രതിനിധികളുടെ പ്രതിഷേധത്തിന് കാരണമായത്.

ഇന്നലെ കാലത്ത് പോത്തുണ്ടി വനംവകുപ്പ് ചെക്പോസ്റ്റിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്ഥിരംസമിതി അധ്യക്ഷനും പ്രതിഷേധവുമായെത്തി. നെന്മാറ പോലീസ് സബ് ഇൻസ്പെക്‌ടർ കെ.പി. ആനന്ദിന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി. പ്രതിഷേധത്തെത്തുടർന്ന് നെല്ലിയാമ്പതി റേഞ്ച് ഓഫീസർ സി. ഷെരീഫുമായി നടത്തിയ ചർച്ചയിൽ പുഴയിലെ തടസ്സങ്ങൾ നീക്കുന്നതിന് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിക്കുന്നതിന് അനുമതി നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.