ചിറ്റിലഞ്ചേരി: പിക്കപ്പ് വാനും, ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റ് പാതയിൽ ബോധരഹിതനായി കിടന്നയാൾക്ക് കരുതലുമായി സ്വകാര്യ ബസ് ജീവനക്കാർ. ജീവനക്കാർ പരിക്കേറ്റയാളെ ബസിൽക്കയറ്റി ആശുപത്രിയിലെത്തിച്ചു. തൃശൂർ-ഗോവിന്ദാപുരം റൂട്ടിലോടുന്ന ‘ലത ഗൗതം’ ബസിലെ ജീവനക്കാരാണ് യാത്രക്കാരുടെ സഹായത്തോടെ, പരിക്കേറ്റയാളെ രണ്ടുകിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ഇന്നലെ കാലത്ത് 10.30-ന് ഗോമതി ഇറക്കത്തിലാണ് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചത്. അപകടത്തിൽ നെന്മാറ ചാത്തമംഗലം കൊല്ലങ്കാട് സ്വദേശി ഗംഗാധരൻ (48), അയിലൂർ കയഞ്ചേരി ഇടിയംപൊറ്റ സ്വദേശി സതീഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിനിടയാക്കിയ പിക്കപ്പ് വാൻ നിർത്താതെപോയി. പാതയിലേക്ക് തെറിച്ചുവീണ ഇരുവരും രക്തംവാർന്ന് ബോധരഹിതരായി കിടക്കയായിരുന്നു.
പരിക്കേറ്റ ഒരാളെ നാട്ടുകാർ ആംബുലൻസിൽക്കയറ്റി ആശുപത്രിയിലെത്തിച്ചു. അതിനുശേഷം മടങ്ങിവന്ന് അടുത്തയാളെ കൊണ്ടുപോകാനായി കാത്തുനിൽക്കയായിരുന്നു.
ഇതിനിടെയാണ് ഇതുവഴിവന്ന ബസിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് പരിക്കേറ്റ മറ്റെയാളെ ബസിൽക്കയറ്റി ആശുപത്രിയിലെത്തിച്ചത്.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.