മലയോരമേഖലയക്ക് അഭിമാനമായി ചാത്തമംഗലം ഗവ.യു.പി.സ്കൂൾ.

നെന്മാറ: മലയോരപ്രദേശത്തുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് അത്താണിയായി ചാത്തമംഗലം ഗവ. യു.പി. സ്കൂൾ. വിദ്യാലത്തിലെ വിവിധ ക്ലബ്ബുകൾ പാഠ്യേതരരംഗത്തും മികവ് പുലർത്തുന്നു. സയൻസ്, സോഷ്യൽ, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, ഐ.ടി, ശുചിത്വം ആരോഗ്യ, കാർഷിക, വയോജന, സേഫ്റ്റി, എക്കോ, ലഹരിവിരുദ്ധ ക്ലബ്ബുകൾ രക്ഷിതാക്കളുടെ സഹകരണത്തോടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സഹപാഠിക്ക് വീടൊരുക്കി വിദ്യാർഥികൾ മാതൃക കാണിച്ചു.

അധ്യാപകരുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെയാണ് ചാട്ടിയോട്ടിൽ വീട് നിർമിച്ചുനൽകിയത്. ഓണത്തിന് നെല്ലിയാമ്പതി ചെറുനെല്ലി, അയിലൂർ കൽച്ചാടി ആദിവാസി കോളനികളിൽ ഓണക്കോടിയും ഭക്ഷ്യക്കിറ്റുകളും മുടക്കം കൂടാതെ വിതരണം ചെയ്യുന്നു. ‘ഹാപ്പി ഹോം ബെറ്റർ സ്‌കൂൾ’ പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വിദ്യാർഥികൾക്ക് എല്ലാ വർഷവും

പഠനോപകരണങ്ങൾ നൽകുന്നു. കായികരംഗത്തും മുന്നിലാണ് വിദ്യാലയം. കബഡി, ഖൊ-ഖൊ ഇനങ്ങളിൽ കുട്ടികൾക്ക് പ്രത്യേകപരിശീലനം വേനലവധിയിൽ നൽകുന്നുണ്ട്. ഹൈദരാബാദിൽ നടന്ന കബഡി ദേശീയമത്സരത്തിൽ വിദ്യാലയത്തിലെ ദേവിക, അനന്യ എന്നീ വിദ്യാർഥികൾ പങ്കെടുത്തു. കലാമത്സരങ്ങളിലും വിദ്യാർഥികൾ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

1924-ൽ കൊല്ലയംകാട്ടിലായിരുന്നു വിദ്യാലയം സ്ഥാപിച്ചത്. രണ്ടുവർഷത്തിനുശേഷം കോപ്പുണ്ണി നായരും വേലുക്കുട്ടി മേനോനും ചാത്തമംഗലത്ത് സൗജന്യമായി നൽകിയ സ്ഥലത്തേയ്ക്കു മാറ്റി.

തുടക്കത്തിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിൽ 80 വിദ്യാർഥികളാണ് പഠിച്ചിരുന്നത്. 1953-ൽ യു.പി. സ്കൂളായി ഉയർത്തി. നിലവിൽ 572 വിദ്യാർഥികളും 20 അധ്യാപകരുമുണ്ട്. 2011-ൽ പ്രീ പ്രൈമറി ആരംഭിച്ചു. എം.എൽ.എയുടെ വികസനഫണ്ട് ഉപയോഗിച്ച് ബസ്സും സ്‌കൂളിന് സ്വന്തമായുണ്ട്. പ്രേമലത ചെല്ലപ്പനാണ് പ്രധാനാധ്യാപിക. പി.ടി.എ.യ്ക്ക് നേതൃത്വം വഹിക്കുന്നത് ആർ. സുരേഷാണ്.