November 22, 2025

വക്കാവിലെ മാലിന്യനീക്കം പാളി; വാഹനം തടഞ്ഞ് നാട്ടുകാർ.

നെന്മാറ: ഗ്രാമപ്പഞ്ചായത്തിലെ മാലിന്യസംസ്കരണ യൂണിറ്റിലെ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യുന്നത് പാളി. മഴയ്ക്കുമുമ്പ് മാലിന്യം നീക്കുമെന്ന് അധികൃതർ പറഞ്ഞുവെങ്കിലും മാലിന്യനീക്കം നിലച്ചതോടെ പ്രദേശവാസികൾ പ്രതിഷേധവുമായെത്തി. മാലിന്യവുമായി വന്ന വാഹനം തടഞ്ഞു. നെന്മാറ ഗ്രാമപ്പഞ്ചായത്തംഗം ആർ. അമീർജാന്റെ നേതൃത്വത്തിലാണ് ഗ്രാമപ്പഞ്ചായത്തിന്റെ മാലിന്യവുമായി വന്ന വാഹനം തടഞ്ഞത്.

കഴിഞ്ഞ സാമ്പത്തികവർഷം മാലിന്യം നീക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ശേഖരിക്കുന്ന മാലിന്യം പൂർണമായും വേർതിരിക്കാൻ കഴിയാതെ വന്നു. ഇതോടെ സംസ്കരണകേന്ദ്രത്തിൽനിന്ന് മാലിന്യം പൂർണമായി നീക്കാനും കഴിയാതായി. മഴ കൂടിയായതോടെ കുന്നിൻമുകളിൽനിന്നുള്ള മാലിന്യം ഒലിച്ചിറങ്ങി വീടുകൾക്ക് സമീപമെത്തുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

20 ടണ്ണിലധികം മാലിന്യമാണ് സംസ്കരണയൂണിറ്റിന്റെ വിവിധ ഭാഗങ്ങളിലായി ചാക്കുകളിലും മറ്റുമായി കൂട്ടിയിട്ടിരിക്കുന്നത്. 40 പേരുൾപ്പെടുന്ന ഹരിതകർമസേനയുടെ നേതൃത്വത്തിലാണ് ഒന്നിടവിട്ട ദിവസങ്ങളിൽ മാലിന്യശേഖരണവും സംസ്കരണവും.

ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസ്സിനും സി.പി.എമ്മിനും ഒൻപത് വീതം അംഗങ്ങളായതോടെ ഭരണസമിതി തീരുമാനങ്ങളെടുക്കുന്നതിനും നടപ്പിലാക്കുന്നതിനും കഴിയാത്ത സ്ഥിതിയാണെന്ന് ഗ്രാമപ്പഞ്ചായത്തംഗം അമീർ ജാൻ പറയുന്നു.