ദുരിതമായി മുടപ്പല്ലൂർ ടൗണിലെ വെള്ളക്കെട്ട്.

മുടപ്പല്ലൂർ: മഴ അല്പമൊന്ന് ശക്തിപ്പെട്ടാൽ മുടപ്പല്ലൂർ ടൗൺ വെള്ളത്തിൽ മുങ്ങും. കടകളിലും വീടുകളിലും വെള്ളംകയറും. വർഷങ്ങളായി തുടരുന്ന ഈ ദുരിതത്തിന് പരിഹാരംകാണാനായി എട്ടുവർഷം മുമ്പ് 25 ലക്ഷം രൂപ ചെലവിൽ ചാൽ പണിതു. എന്നാൽ, ഇപ്പോഴും മഴ പെയ്‌താൽ മുടപ്പല്ലൂർ അങ്ങാടിയിൽ വെള്ളക്കെട്ടാവും.

മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലെ പ്രധാന ടൗണുകളിലൊന്നാണ് മുടപ്പല്ലൂർ. ചാൽനിർമാണത്തിലെ അപാകമാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. മുടപ്പല്ലൂർ ടൗൺ താഴ്ന്ന പ്രദേശമാണ്. മുകൾ ഭാഗത്തുനിന്നുള്ള വെള്ളം ഒഴുകി ടൗണിലെത്തും.

റോഡിനുകുറുകെയുള്ള ഓവിലൂടെ കടന്ന് വെള്ളം ചാലിലെത്തുകയും അവിടെ നിന്ന് കരിപ്പാലി പുഴയിലെത്തുന്നതുമാണ് സംവിധാനം. റോഡിനുകുറുകെയുള്ള ഓവ് ചെറുതായതിനാൽ വെള്ളം സുഗമമായി ഒഴുകിപ്പോവില്ല. ഓവിൽ അടിഞ്ഞുകൂടുന്ന മാലിന്യവും ഒഴുക്കിന് തടസ്സമാണ്.