നിയന്ത്രണംവിട്ട വാഹനം ഓട്ടോയിലിടിച്ച്‌ മറിഞ്ഞു, രണ്ടുപേര്‍ക്ക് പരിക്ക്

വടക്കഞ്ചേരി : ആമകുളത്ത് നിയന്ത്രണംവിട്ട ബൊലേറോ ഓട്ടോറിക്ഷയില്‍ ഇടിച്ച്‌ പാതയോരത്തെ ഡ്രെയിനേജിലേക്ക് മറിഞ്ഞു. ഓട്ടോയാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. കിഴക്കഞ്ചേരി സ്വദേശികളായ ഷംസുദ്ദീൻ (53), സജിത (49) എന്നിവർക്കാണ് പരിക്കേറ്റത്. റോഡില്‍ വച്ച്‌ ഓട്ടോറിക്ഷ തിരിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. പെട്ടെന്ന് ഓട്ടോറിക്ഷ റോഡില്‍ തിരിഞ്ഞപ്പോള്‍ ബൊലേറൊ നിയന്ത്രണം വിട്ടു ഓട്ടോയിലിടിച്ച്‌ മറിയുകയായിരുന്നു.