വടക്കഞ്ചേരി : മഴയെത്തിയതോടെ പ്രധാന പാതകളില്‍ കുഴിയടയ്ക്കല്‍ തുടങ്ങി. തകർന്നു കിടക്കുന്ന മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ ഇന്നലെയാണ് കുഴിയടക്കല്‍ ആരംഭിച്ചത്. മംഗലം പാലം മുതല്‍ ചിറ്റിലഞ്ചേരി വരെ വരുന്ന ഭാഗത്താണ് അറ്റകുറ്റപ്പണി നടത്തുന്നത്. കടുപ്പമേറിയ വേനല്‍മാസങ്ങളിലൊന്നും കുഴിയടയ്ക്കണമെന്ന തോന്നല്‍ അധികൃതർക്കുണ്ടായില്ല. വേനലില്‍ തന്നെ റോഡില്‍ സാമാന്യം വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. വേനല്‍ മഴയില്‍ തന്നെ ദേശീയ- സംസ്ഥാനപാതകളും പഞ്ചായത്തു റോഡുകളുമെല്ലാം തകർന്ന് ഗതാഗതം ദുഷ്കരമാണ്. വാഹന യാത്രികരുടെ പ്രതിഷേധം ശക്തമായതോടെയാണ് ധൃതി പിടിച്ചുള്ള തട്ടിക്കൂട്ട് ഓട്ടയടക്കല്‍ ഇപ്പോള്‍ നടക്കുന്നത്. മഴക്കു മുൻപ് ഈ അറ്റകുറ്റപണികളും ടാറിംഗ് വർക്കുകളും നടത്തിയിരുന്നെങ്കില്‍ മഴക്കാലമാസങ്ങളെങ്കിലും റോഡിലൂടെ വാഹനം ഓടിച്ച് പോകാവുന്ന സ്ഥിതി ഉണ്ടാകുമായിരുന്നെന്നാണ് വാഹന യാത്രികർ ചൂണ്ടിക്കാട്ടുന്നത്. കുടിവെള്ള പൈപ്പിടാൻ വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പിന്നീട് നന്നാക്കുന്നില്ല. മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ മംഗലം പാലം മുതല്‍ വള്ളിയോട് സെന്‍റർ വരെ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. പാലത്തിനടുത്ത് കള്‍വർട്ട് തകർന്ന് റോഡിന്‍റെ വലിയൊരു ഭാഗം ട്രഞ്ച് പോലെയായത് അടക്കാൻ തന്നെ ടാറിംഗ് സാധനങ്ങള്‍ ഏറെ വേണ്ടിവന്നു. ദേശീയപാതയിലേക്ക് തിരിയുന്ന യതീംഖാനക്കു മുന്നില്‍ കിടങ്ങുകണക്കെയാണ് റോഡ് തകർന്നിട്ടുള്ളത്. മുടപ്പല്ലൂർ ടൗണിലെ വെള്ളക്കെട്ട് വിഷയത്തിലും നാളിതുവരെ ഫലം കണ്ടിട്ടില്ല. ചെറിയ മഴയില്‍ തന്നെ മുടപ്പല്ലൂർ ജംഗ്ഷൻ വെള്ളത്തില്‍ മുങ്ങും. മലയോര മേഖലയിലേക്കുള്ള മുടപ്പല്ലൂർ – മംഗലംഡാം റോഡ് പൂർണമായും തകർന്നു. വാല്‍കുളമ്പ് – പനംങ്കുറ്റി- പന്തലാംപാടം റോഡും വാഹന ഗതാഗതം ബുദ്ധിമുട്ടായി.

Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍