നെന്മാറ: മന്ത്രവാദം വഴി രോഗം മാറ്റാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടമ്മയുടെ സ്വർണാഭരണം തട്ടി. നെന്മാറ വക്കാവ് സ്വദേശിനി 50 വയസ്സായ വീട്ടമ്മയുടെ ചെവിയിൽ അണിഞ്ഞിരുന്ന മുക്കാൽ പവൻ വരുന്ന സ്വർണാഭരണമാണ് തട്ടിയത്. കഴിഞ്ഞ ദിവസം ഭിക്ഷക്കാരുടെ വേഷത്തില്‍ വീട്ടിൽ എത്തിയ രണ്ടു സ്ത്രീകൾ തനിച്ചു താമസിക്കുന്ന വീട്ടമ്മയുടെ രോഗവിവരം അന്വേഷിക്കുകയുണ്ടായി.
മന്ത്രവാദം വഴി രോഗശമനം നടത്തുന്ന വ്യക്തിയെ എത്തിച്ചുതരാമെന്നു പറഞ്ഞ് ഇവർ മടങ്ങി. ഇവരാകും മന്ത്രവാദിയെന്ന പേരിൽ തട്ടിപ്പുകാരനെ വീട്ടിലേക്ക് അയച്ചതെന്നു സംശയിക്കുന്നു. വീട്ടിൽ എത്തിയ വിരുതൻ ചെറുനാരങ്ങയിൽ സ്വർണാഭരണം താഴ്ത്തി 21 ദിവസം കഴിഞ്ഞുമാത്രം തുറക്കാൻ ആവശ്യപ്പെട്ടു. ഒരു ചെവിയിലെ കമ്മൽ കൊടുത്തപ്പോൾ പോരെന്നും കൂടുതൽ ഫലം കിട്ടാൻ രണ്ടു കമ്മലും വേണമെന്നും പറഞ്ഞത്രെ.
പിന്നീട് ചായ ഉണ്ടാക്കാൻ ആവശ്യപ്പെടുകയും വീട്ടമ്മ അടുക്കളയിലേക്കു പോയ നേരം മറ്റൊരു ചെറുനാരങ്ങ നൽകി മടങ്ങുകയുമായിരുന്നു. രണ്ടു ദിവസത്തിനു ശേഷം കുടുംബക്കാരുമായി ഇക്കാര്യം പങ്കുവച്ചപ്പോൾ സംശയം തോന്നിയതോടെയാണു നാരങ്ങ തുറന്നു നോക്കിയത്. സമാന രീതിയിൽ വക്കാവിൽ തന്നെ രണ്ട് വീടുകളിൽ കൂടി ഇയാൾ എത്തിയിരുന്നു.
വീട്ടിലെ ദോഷം മാറ്റാൻ മന്ത്രവാദം ചെയ്യാമെന്നു വിശ്വസിപ്പിച്ച് അഡ്വാൻസായി 1000 രൂപ വീതം വാങ്ങി. അടുത്ത ദിവസം വരുമ്പോൾ 10,000 രൂപ കൂടി കരുതാൻ ആവശ്യപ്പെട്ടാണു പോയത്. പൊലീസ് കേസെടുത്തു അന്വേഷിച്ചു വരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെക്കുറിച്ചു വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.