ആലത്തൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡോ.എസ്.ചിത്രയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ഓൺലൈനായി ചേർന്നു. നെല്ലിയാമ്പതി, മണ്ണാർക്കാട്, ആലത്തൂർ ഭാഗങ്ങളിൽ 200 മില്ലി മീറ്ററിൽ കൂടുതൽ മഴ കിട്ടിയിട്ടുണ്ടെന്നും പ്രസ്തുത പ്രദേശങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചതായും ജില്ല കലക്ടർ അറിയിച്ചു..
രാത്രിമഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതായി വരും. തഹസിൽദാർമാരും, വില്ലേജ് ഓഫീസർമാരും ജില്ലയിൽ തുടരണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ വില്ലേജ് ഓഫീസർമാരുടെ ഉത്തരവാദിത്വത്തോടെയും, പഞ്ചായത്ത് സെക്രട്ടറിമാരുടെ സഹകരണത്തോടെയും സജ്ജീകരിക്കണം. ക്യാമ്പുകളിൽ ഭക്ഷണം, മരുന്ന്, ടോയ് ലറ്റ് സൗകര്യം അവയുടെ ക്ലിനിംഗ് ഉറപ്പാക്കണം.
മഴയെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട നെല്ലിയാമ്പതിയിലേക്ക് കൂടുതൽ മെഡിക്കൽ ഓഫീസർമാരെയും റവന്യു ഉദ്യോഗസ്ഥരെയും ഇന്ന് രാവിലെയോടെ നിയോഗിക്കാൻ ജില്ല കലക്ടർ നിർദ്ദേശം നൽകി. മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്യണം. രാവിലെയോടെ 30 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് സംഘം എത്തിച്ചേരും. കുടിവെള്ളം, സാനിറ്ററി പാഡ്, കുട്ടികൾക്ക് വേണ്ട സാധനങ്ങളും ഉദ്യോഗസ്ഥർ എത്തിച്ചു നൽകണം.
https://youtu.be/s_SkQKKebvI?feature=shared
പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ കൃത്യമായി കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ പോലും ക്യാമ്പുകളിൽ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് ആവശ്യം വേണ്ടത് ചോദിച്ചറിഞ്ഞും ചെയ്യേണ്ടി വരും എന്നുള്ളതിനാൽ അത്തരത്തിൽ നടപടി എടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അറിയിച്ചു.
ക്യാമ്പുകളിലെ കിടപ്പുരോഗികൾക്ക് വേണ്ട പാലിയേറ്റീവ് സേവനം ഉറപ്പാക്കണം. ക്യാമ്പ് പരിസരത്ത് 24 മണിക്കൂറും പൊലീസ് സേവനം ലഭ്യമാക്കണമെന്നും ജില്ല കലക്ടർ നിർദ്ദേശിച്ചു. പുഴയോരങ്ങളിലും, വെള്ളക്കെട്ടുകളിലും, മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലും യാത്ര പൂർണമായും ഒഴിവാക്കാനും പൊലീസിനും, വനം വകുപ്പിനും നിർദ്ദേശം നൽകി.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള നിരോധനം ഡി.ടി.പി.സി സെക്രട്ടറി ഉറപ്പാക്കാനും നിർദ്ദേശം നൽകി. റോഡുകളിൽ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കാനും നിർദേശം നൽകി. വീഡിയോ എടുക്കുന്നതിനായും, മറ്റും കുട്ടികൾ പാലങ്ങൾക്കും, വെള്ളക്കെട്ടുകൾക്കും സമീപം പോകുന്നത് ഒഴിവാക്കണം.
തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കും. ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ജില്ല കലക്ടർ ആവശ്യപ്പെട്ടു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി.ബിജു, സബ് കലക്ടർ മിഥുൻ പ്രേംരാജ്, ജില്ല പോലീസ് മേധാവി ആർ.ആനന്ദ്, ഡി.എം.ഒ കെ.ആർ വിദ്യ, തഹസിൽദാർമാർ, ഇറിഗേഷൻ-റോഡ്-പാലം എക്സിക്യൂട്ടീസ് എഞ്ചിനീയർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.