നെന്മാറ: ഉരുള്‍പൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയിലെ ഗതാഗതം അടുത്ത ദിവസം രാവിലെ തന്നെ ഒരുവശത്തേക്കു തുറന്നു കൊടുക്കാനാവുമെന്നു തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്.
ഇതിലൂടെ നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്ന വരെ പുറത്തെത്തിക്കാനും നെല്ലിയാമ്പതിയുടെ ഒറ്റപ്പെടല്‍ അവസാനിപ്പിക്കാനുമാവും.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ നെല്ലിയാമ്പതിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദർശിച്ച് ഗതാഗതം പുനഃസ്ഥാപിക്കുന്ന ജോലികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. റോഡിലെ പാറകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊട്ടിച്ചുനീക്കുന്നുണ്ട്. ഒപ്പം മണ്ണുമാറ്റല്‍ ജോലികളും പുരോഗമിക്കുകയാണ്.
നെല്ലിയാമ്പതിയില്‍ ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ജില്ലാ ആശുപത്രിയില്‍ നിന്നും നെന്മാറ അവൈറ്റീസ് ആശുപത്രിയില്‍ നിന്നുമായി രണ്ട് മെഡിക്കല്‍ സംഘം 9 കിലോമീറ്റർ കാല്‍നടയായി സഞ്ചരിച്ച് നെല്ലിയാമ്പതിയില്‍ എത്തിയിട്ടുണ്ട്.
നെല്ലിയാമ്പതിയില്‍ ഇരുപതോളം ഗർഭിണികളുണ്ടെന്നാണു വിവരം.
ഇവരുടെ പരിരക്ഷ കൂടി കണക്കിലെടുത്ത് ഗൈനക്കോളജിസ്റ്റിനെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫലപ്രദവും പഴുതടച്ചതുമായ പ്രവർത്തനമാണ് ജില്ലാ ഭരണകൂടവും, സ്ഥലം എംഎല്‍എയുടെയും നേതൃത്വത്തില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നെന്മാറ മണ്ഡലത്തിലെ പോത്തുണ്ടി ഗവ.എല്‍പി സ്കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ എത്തിയ മന്ത്രി ചെറുനെല്ലി എസ്റ്റേറ്റിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആളുകളെ സന്ദർശിച്ചു. തുടർന്ന് വയനാട്ടിലെ ബന്ധുവീട്ടിലേക്കുപോയി കാണാതായ പോത്തുണ്ടി സ്കൂളിനു സമീപത്തെ ജസ്റ്റിൻ തോമസിന്‍റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി ആശ്വസിപ്പിച്ചു.
തുടർന്നാണ് നെല്ലിയാമ്പതിയിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദർശിച്ചത്. നെന്മാറ എംഎല്‍എ കെ.ബാബു, ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര, ഡെപ്യൂട്ടി കളക്ടർ സച്ചിൻ കൃഷ്ണ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വനം, പോലീസ്, റവന്യു തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
മുൻകരുതലിന്‍റെ ഭാഗമായി നെല്ലിയാമ്പതി ചെക്ക് പോസ്റ്റിന് സമീപം 108 ആംബുലൻസിന്‍റെ സേവനവും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.