വിശ്രമമില്ലാതെ തൊഴിലാളികളും, സന്നദ്ധ പ്രവർത്തകരും ചേർന്ന് നെല്ലിയാമ്പതിയെ ദുരിതത്തിൽ നിന്ന് കരകയറ്റുന്നു.

നെന്മാറ: നെല്ലിയാമ്പതി നാലാം ദിവസവും ഒറ്റപ്പെട്ടു. തിങ്കളാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്നാണ് നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതം തടസപ്പെട്ടത്. സന്നദ്ധ പ്രവർത്തകരും തൊഴിലാളികളും റോഡിലെ തടസം നീക്കാനെത്തി.

ശനിയാഴ്ചയോടെ ചെറുവാഹനങ്ങള്‍ കടത്തിവിടാൻ പറ്റുന്ന തരത്തില്‍ സൗകര്യമേർപ്പെടുത്താനുള്ള തിരക്കിലായിരുന്നു അധികൃതരും സന്നദ്ധ പ്രവർത്തകരും.

സന്നദ്ധപ്രവർത്തകരായി ജീപ്പ് ഡ്രൈവർമാരും ദിവസങ്ങളായി മുടങ്ങിക്കിടക്കുന്ന ചുരം റോഡിലെ തടസം നീക്കുന്നതിനായി അഞ്ചു ജീപ്പുകളിലായി മുപ്പതോളം ഡ്രൈവർമാർ വ്യാഴാഴ്ച രാവിലെ മുതല്‍ വൈകുന്നേരം അഞ്ചുവരെ വിവിധ ഇടങ്ങളില്‍ മണ്ണും ചളിയും കല്ലും മാറ്റുന്ന ജോലിയില്‍ ഏർപ്പെട്ടു.

ഗവ. ഫാമില്‍ നിന്ന് 10 തൊഴിലാളികളും ഗതാഗതസൗകര്യം ഒരുക്കുന്നതില്‍ പങ്കാളികളായി. വിവിധ സ്വകാര്യ എസ്റ്റേറ്റുകാരും തൊഴിലാളികളെയും വാഹനങ്ങളെയും അയച്ച്‌ ഗതാഗതസൗകര്യമൊരുക്കുന്നതിന് സഹായിച്ചു.

നെല്ലിയാമ്പതി റിസോർട്ട് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് നെല്ലിയാമ്പതിയില്‍ നിന്നുള്ള ഗതാഗതം ഒരുക്കുന്ന സന്നദ്ധ തൊഴിലാളികള്‍ക്ക് സൗജന്യമായി ഭക്ഷണം പാക്ക് ചെയ്ത് വിതരണം ചെയ്യുന്നത്. പൊതുആവശ്യമെന്ന നിലയില്‍ സന്നദ്ധപ്രവർത്തകർ വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു.

നെല്ലിയാമ്പതിയില്‍ എത്തിയ എൻഡിആർഎഫ് സംഘവും ഗതാഗത പുനസ്ഥാപനത്തിന് നെല്ലിയാമ്പതി ഭാഗത്തുനിന്നുള്ള തൊഴിലാളികള്‍ക്കൊപ്പം പങ്കാളികളായി.