കെഎസ്‌ആര്‍ടിസി സ്റ്റാൻഡിനു മുന്നിലെ പാര്‍ക്കിംഗും, ബോര്‍ഡുകളും നീക്കണമെന്നു പരാതി.

പാലക്കാട്: എട്ടരകോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കിയ പാലക്കാട് കെഎസ്‌ആർടിസി സ്റ്റാന്‍റിനു മുന്നില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതരത്തില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകള്‍ നീക്കണമെന്നും ഓട്ടോറിക്ഷാ സ്റ്റാന്‍റ് മാറ്റണമെന്നുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അധികൃതരില്‍നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.

പരാതിയില്‍ ആരോപിക്കുന്നതുപോലെ ഓട്ടോറിക്ഷ പാർക്കിംഗ് അനധികൃതമാണോ അതോ നിയമവിധേയമാണോ എന്നന്വേഷിക്കണമെന്നു കമ്മീഷൻ ആവശ്യപ്പെട്ടു. അനധികൃതമെങ്കില്‍ അതു നീക്കംചെയ്യാൻ സ്വീകരിച്ച നടപടികള്‍ ജില്ലാ പോലീസ് മേധാവി രേഖാമൂലം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

പരസ്യ ബോർഡുകള്‍ സ്ഥാപിച്ചിരിക്കുന്നതും ബസ് സ്റ്റാന്‍റില്‍ പ്രവേശിക്കുന്ന സ്ഥലത്തു കച്ചവട സാധനങ്ങള്‍ നിരത്തിയിട്ടിരിക്കുന്നതും ഒഴിവാക്കണമെന്ന ആവശ്യം പാലക്കാട് മുൻസിപ്പല്‍ സെക്രട്ടറിയും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും പരിശോധിച്ചു റിപ്പോർട്ട് നല്‍കണം. സെപ്റ്റംബർ 18നു മുമ്ബായി റിപ്പോർട്ടുകള്‍ ലഭിക്കണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.