പുലിയെ കണ്ടതായി അഭ്യൂഹം, തിരച്ചിൽ നടത്തി.

കല്ലേക്കാട്: പട്ടണത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടതായി അഭ്യൂഹം. വനംവകുപ്പ് തിരച്ചിൽ നടത്തി. കല്ലേക്കാട് ചേങ്ങോട് ഭാഗത്ത് ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് പ്രദേശവാസി പുലിയെ കണ്ടതായി നാട്ടുകാരോട് പറഞ്ഞത്. പിരായിരി പഞ്ചായത്തധികൃതർ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണസേന തിരച്ചിൽ നടത്തി.

ശനിയാഴ്ച രാത്രി വൈകിയും തുടർന്ന തിരച്ചിലിൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താൻസാധിച്ചില്ല. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് വനംവകുപ്പ് ജീവനക്കാർ അറിയിച്ചു. വെള്ളിയാഴ്ച കള്ളിക്കാട് മേഖലയിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ജീവനക്കാർ തിരച്ചിൽ നടത്തിയിരുന്നു.