നെല്ലിയാമ്പതി: ചുരംപാതയിൽ ഉരുൾപൊട്ടിവന്ന വലിയ പാറക്കല്ലുകൾ പാതയിൽനിന്ന് പൊട്ടിച്ചുനീക്കുന്ന പ്രവൃത്തി ആരംഭിച്ചു. പോത്തുണ്ടി-കൈകാട്ടി പാതയിലെ ഇരുമ്പുപാലത്തിന് സമീപത്തെയും ചെറുനെല്ലിക്ക് സമീപത്തെയും വലിയ പാറകളാണ് രണ്ടുദിവസമായി പൊട്ടിച്ചുനീക്കിത്തുടങ്ങിയത്.
ജൂലായ് 29-നുണ്ടായ കനത്ത മഴയിലാണ് നെല്ലിയാമ്പതി ചുരംപാതയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയത്. ഇരുമ്പുപാലത്തിന് സമീപവും ചെറുനെല്ലിക്ക് സമീപവുമായി ഉരുൾപൊട്ടി വലിയ പാറക്കല്ലുകളും മരങ്ങളുമാണ് ഒഴുകിയെത്തിയത്.
അഞ്ചുദിവസം ഏഴ് മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ച് പാതയിലേക്കുവീണ കല്ലും മണ്ണും മരങ്ങളും ഭാഗികമായി നീക്കിയാണ് ചെറുവാഹനങ്ങൾ കടന്നുപോകുന്ന രീതിയിൽ ഗതാഗതം പുനഃസ്ഥാപിക്കാനായത്.
വിനോദസഞ്ചാരികൾക്ക് ഉൾപ്പെടെ നെല്ലിയാമ്പതിയിലേക്ക് നിയന്ത്രണമുള്ളതിനാൽ ജീപ്പ് ഡ്രൈവർമാരും റിസോർട്ട് ഉടമകളും പ്രതിസന്ധിയിലാണ്. ഉരുൾപൊട്ടിയ ഭാഗങ്ങളിൽ പൂർണമായും പാറകൾ പൊട്ടിച്ചുനീക്കാത്തതിനാൽ ഒറ്റവരി ഗതാഗതം മാത്രമാണുള്ളത്.
ഒഴുകിവന്ന പാറക്കല്ലുകളും മണ്ണും ഈ ഭാഗത്തെ പാലത്തിനടിയിലും അടിഞ്ഞതിനാൽ മഴയിൽ വെള്ളം കുത്തിയൊലിച്ചുവരുന്നത് ഭീഷണിയായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പാതയോരത്തുള്ളതും പാതയിലേക്ക് വരാൻ സാധ്യതയുള്ളതുമായ പാറക്കല്ലുകൾ പൊട്ടിച്ചുനീക്കൽ ആരംഭിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പാറക്കല്ലുകൾ പൊട്ടിച്ചുനീക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ പറഞ്ഞു.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.