വടക്കഞ്ചേരി: ദേശീയപാതകളിൽ 60 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ഒന്നിൽക്കൂടുതൽ ടോൾബൂത്തുകൾ പാടില്ലെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ കർശനമാക്കാനൊരുങ്ങുമ്പോഴും ബി.ഒ.ടി. (ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ) ടോൾബൂത്തുകൾക്ക് ഇത് ബാധകമാകില്ല.
ദേശീയപാതാ 544ന്റെ ഭാഗമായ വാളയാർ-ഇടപ്പള്ളി പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രം മറ്റുരണ്ട് ടോൾകേന്ദ്രങ്ങളായ വാളയാറിൽനിന്നും പാലയേക്കരയിൽനിന്നും 60 കിലോമീറ്ററിൽ താഴെയായതിനാൽ പൂട്ടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മൂന്ന് ടോൾ ബൂത്തുകളും ബി.ഒ.ടി. വ്യവസ്ഥയിലാണെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു.
ബി.ഒ.ടി. വ്യവസ്ഥയിൽ ദേശീയപാതാവികസനം കരാർകമ്പനി ഏറ്റെടുക്കുമ്പോൾ നിർമാണത്തിന് ചെലവിട്ടതുക കരാർകമ്പനിക്ക് നേരിട്ട് ടോളിലൂടെ പിരിച്ചെടുക്കാം. നിശ്ചിതവർഷത്തിനുശേഷം ദേശീയപാതാ അതോറിറ്റിക്ക് ടോൾകേന്ദ്രം കൈമാറും. ബി.ഒ.ടി. വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ടോൾബൂത്തുകൾ ഒഴിവാക്കണമെങ്കിൽ റോഡ് നിർമാണത്തിന് കരാർകമ്പനി ചെലവിട്ട തുക ദേശീയപാതാ അതോറിറ്റി നൽകേണ്ടി വരും. ഇത്തരത്തിൽ പണംനൽകി ടോൾകേന്ദ്രം ഏറ്റെടുക്കാൻ വ്യവസ്ഥയില്ലെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു.
ദേശീയപാതാ അതോറിറ്റി നേരിട്ട് ടോൾ പിരിക്കുന്ന കേന്ദ്രങ്ങൾക്കാണ് 60 കിലോമീറ്ററെന്ന ദൂരപരിധി ബാധകമാവുകയെന്നും ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു.
ദേശീയപാതാ അതോറിറ്റി ടോൾ പിരിക്കുന്ന പദ്ധതിയിൽ നിർമാണകരാർകമ്പനിക്ക് വർഷത്തിൽ രണ്ടുതവണയായി നിശ്ചിതതുക നൽകുകയാണ് ചെയ്യുക.
ദേശീയപാത 66-ൽ കാസർകോട് മുതൽ തിരുവനന്തപുരംവരെ നടക്കുന്ന വികസനത്തിൽ ദേശീയപാതാ അതോറിറ്റിയാണ് ടോൾ പിരിക്കുക. ഇതിൽ 60 കിലോമീറ്റർ ദൂരപരിധി ബാധകമാകും.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.