പ്രതീക്ഷയുമായി പരുവാശേരി പാടശേഖരത്തില്‍ കതിര്‍ നിരന്നു.

വടക്കഞ്ചേരി: തിരുവോണത്തിനു തൂശനിലയില്‍ ചോറുവിളമ്പാൻ ഒരുങ്ങി പരുവാശേരിയിലെ കർഷകർ. തുടർച്ചയായ മഴയുണ്ടായില്ലെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ നെല്ല് കൊയ്ത്തിനു പാകമാകുമെന്നു പാടശേഖരസമിതി പ്രസിഡന്‍റ് ആർ. കൃഷ്ണൻ പറഞ്ഞു.

മോശമല്ലാത്ത വിളവുണ്ടാകുമെന്നാണ് കർഷകരുടെ പ്രതീഷ. വലിയ കതിർക്കുലകള്‍നിരന്ന് ഇപ്പോള്‍ പാടശേഖരം കാണാനും ചന്തമുണ്ട്. മയില്‍, കാട്ടുപന്നി ശല്യം കൂടുതലുള്ള പ്രദേശമാണ്. ഇവയുടെ ശല്യം ഇല്ലാതിരിക്കണം.

വലിയ കൂട്ടങ്ങളായി എത്തുന്ന കിളികളും വലിയ നഷ്ടം ഉണ്ടാക്കുന്നവയാണ്. ജ്യോതി, കാഞ്ചന എന്നീ നെല്ലിനങ്ങളാണ് കൃഷി ചെയ്തിട്ടുള്ളത്. മറ്റു കരപ്പാടങ്ങളെ പോലെ പരുവാശേരി പാടശേഖരത്തിലും നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി കുറഞ്ഞു വരികയാണ്. മറ്റുവിളകളാണു കർഷകർ പരീക്ഷിക്കുന്നത്.

ജില്ലയില്‍ തന്നെ ഏറ്റവും ആദ്യം കൊയ്ത്ത് ആരംഭിക്കുന്ന പാടങ്ങളിലൊന്നാണു പരുവാശേരിലേത്. കനാല്‍വെള്ളം എത്താത്ത ഇവിടെ മഴയെമാത്രം ആശ്രയിച്ചാണ് മുന്നൂറ് ഏക്കറോളംവരുന്ന പാടത്ത് ഇരുപ്പൂ കൃഷിയും നടത്തുന്നത്.

അതിനാല്‍ കൃഷിപണികളെല്ലാം നേരത്തെ തുടങ്ങും. ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞ് രണ്ടാം വിളയ്ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കേണ്ടതുണ്ട്.

എങ്കിലെ രണ്ടാംവിള ഉണക്കം കൂടാതെ കൊയ്തെടുക്കാനാകു. നെല്ലുസംഭരണ ആനുകൂല്യങ്ങള്‍ പലപ്പോഴും ഇവർക്കു കിട്ടാറില്ല. സംഭരണ ചർച്ചകള്‍ ആരംഭിക്കുംമുമ്ബേ പാടത്തെ കൊയ്ത്ത് കഴിഞ്ഞിട്ടുണ്ടാവും. പിന്നെ നെല്ല് സൂക്ഷിക്കാൻ സൗകര്യങ്ങളുള്ള കർഷകർക്കു മാത്രമമേ സംഭരണാനുകൂല്യങ്ങള്‍ ലഭിക്കൂ.

എല്ലാവർഷവും ഇരുപ്പൂ കൃഷിയും കൊയ്ത്തും ഏതാണ്ട് എപ്പോള്‍ നടക്കും എന്നൊക്കെ സപ്ലൈകോക്കും മറ്റു ബന്ധപ്പെട്ടവർക്കും നല്ലതുപോലെ അറിയാമെങ്കിലും സംഭരണം വൈകിപ്പിച്ച്‌ കർഷകരെ ബുദ്ധിമുട്ടിക്കും.

ഒടുവില്‍ ഗതികെട്ട് തുച്ഛമായ വിലയ്ക്കു നെല്ല് സ്വകാര്യ മില്ലുകള്‍ക്കു വില്‍ക്കും. അതിനുശേഷമാകും സംഭരണ നടപടികള്‍ വേഗത്തിലാക്കുയെന്നാണ് കർഷകർ പരാതിപ്പെടുന്നത്.