മംഗലംഡാം മേഖലയിലെ അക്രമകാരിയായ ആനയെ കാട്ടില്‍ കയറ്റിയെന്നു വനംവകുപ്പ്.

മംഗലംഡാം: കടപ്പാറക്കടുത്ത് കടമപ്പുഴ, ചെമ്പൻകുന്ന് പ്രദേശങ്ങളില്‍ അക്രമകാരിയായി മലയോരവാസികളെ വിറപ്പിച്ചിരുന്ന കാട്ടുകൊമ്പനെ കാട്ടിലേക്കു കയറ്റിവിട്ടെന്ന് വനംവകുപ്പ്. ചെമ്പംകുന്നുവഴി നെല്ലിയാമ്പതി കാട്ടിലേക്കു തുരത്തിയെന്നാണു പറയുന്നത്.

ഇന്നലെ പകല്‍സമയം പ്രദേശത്ത് ആനയെ കണ്ടിട്ടില്ല. അതേസമയം, ആനകള്‍ കാടിറങ്ങാതിരിക്കാൻ വനാതിർത്തിയില്‍ പൂർണമായും വൈദ്യുത വേലി സ്ഥാപിക്കണമെന്നാണു മലയോരകർഷകർ ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ ആനകള്‍ വീണ്ടും കൃഷിയിടങ്ങളിലെത്തും.

പ്രദേശത്ത് വേലി സ്ഥാപിക്കുന്നതിനു ഒരുവർഷംമുമ്പ് സർവെ നടത്തിയതാണ്. ഇപ്പോഴും നടപടികള്‍ക്കു വേഗതയില്ലാത്തതാണ് വനംവകുപ്പിനെ അവിശ്വസിക്കേണ്ടി വരുന്നതെന്നു കർഷകർ പറയുന്നു. പൂതംകുഴി, രണ്ടാംപുഴ, കടമപ്പുഴ, ചെമ്മ്പംക്കുന്ന്, മേമല, പോത്തംതോട്, തിളകക്കല്ല്, കുഞ്ചിയാർ പതി തുടങ്ങിയ പ്രദേശങ്ങളെല്ലാം കാട്ടാനകളുടെ വിഹാരഭൂമിയായി മാറിയിരിക്കുകയാണ്.

അധ്വാനിച്ചുണ്ടാക്കുന്ന വിളകളെല്ലാം ആനകളിറങ്ങി നശിപ്പിക്കുന്ന സ്ഥിതിയുണ്ട്.
ആനയെ പേടിച്ച്‌ മലയോരത്തെ നിരവധി വീട്ടുകാർ താഴെയിറങ്ങി വാടക വീടുകളിലും ബന്ധുവീടുകളിലുമാണ് കഴിയുന്നത്.