വടക്കഞ്ചേരി: ഹോട്ടല്‍ ഡയാനയ്ക്കു പിറകില്‍ വെള്ളപ്പാച്ചിലില്‍ തകർന്ന മെയിൻ കനാല്‍ പുനർ നിർമിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കി തുടർനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കനാല്‍ സെക്ഷൻ എഇ സിന്ധു പറഞ്ഞു.
രണ്ടാഴ്ച മുമ്പുണ്ടായ ശക്തമായ മഴയിലെ വെള്ളപ്പാച്ചിലിലാണ് മംഗലംഡാമില്‍ നിന്നുള്ള ഇടതുകര മെയിൻ കനാല്‍ 30 മീറ്ററോളം തകർന്നിട്ടുള്ളത്.
കനാലിലെ മണ്ണ് കുത്തിയൊഴുകി സമീപത്തെ നെല്‍പ്പാടം മണ്ണുനികന്ന നിലയിലാണ്. വെള്ളംചാടി കനാലില്‍ വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. കനാല്‍ ബണ്ടില്‍ നിന്നിരുന്ന വൻമരം കടപുഴകി പാടത്തേക്കുവീണും കനാലിന്റെ കൂടുതല്‍ ഭാഗങ്ങള്‍ തകർന്നിട്ടുണ്ട്.
രണ്ടാംവിള കൃഷിക്ക് വെള്ളം കൊണ്ടുപോകാൻ കനാല്‍ താത്കാലികമായി മണ്ണിട്ട് നികത്തി വെള്ളം ഒഴുകാൻ സംവിധാനമൊരുക്കുമെന്ന് എഇ പറഞ്ഞു. അതിനുശേഷമെ സൈഡ് കെട്ടി കനാല്‍ ബലപ്പെടുത്താനും കനാല്‍ കോണ്‍ക്രീറ്റിംഗും നടത്താനാകൂ.
22 കിലോമീറ്റർ ദൂരം വരുന്ന മെയിൻ കനാലിന്റെ പകുതി ദൂരം പിന്നിടുന്ന ഭാഗത്താണ് കനാല്‍ തകർന്നിട്ടുള്ളത്. ഇതിനാല്‍ താഴെയുള്ള മൂന്ന് പഞ്ചായത്തുകളിലെ പാടങ്ങളിലേക്ക് ഇതുവഴി വേണം വെള്ളം കൊണ്ടുപോകാൻ. കനാല്‍ തകർന്നിട്ടുള്ളത് വളവുള്ള ഭാഗത്തായതിനാല് താത്കാലിക സംവിധാനവും ബലമേറിയതാകണമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.