കരിമ്പാറ നിരങ്ങൻപാറ ജനവാസ മേഖലയിൽ പുലി.

നെന്മാറ: കരിമ്പാറ നിരങ്ങൻ പാറയിൽ ജനവാസമേഖലയിൽ പുലിയെ കണ്ടതു നാട്ടുകാരിൽ ഭീതി പടർത്തി. ബൈക്കിൽ പോവുകയായിരുന്ന നിരങ്ങൻപാറ ഊനംപിള്ളി ഷാജുവിന്റെ മുന്നിലൂടെ നടന്നുപോയ പുലി പിന്നീട് തടിക്കുളങ്ങര ജിബുവിന്റെ വീടിനു പിന്നിലൂടെയും, സമീപത്തെ അബ്ദുൽ റഹ്‌മാൻ്റെ വീട്ടു മുറ്റത്തു കൂടെയും പോയി എന്നു നാട്ടുകാർ പറയുന്നു.

ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നോടെയാണു പുലിയെ കാണുന്നത്. വീട്ടുകാരും ബൈക്കിൽ വന്ന ഷാജുവും ബഹളം വച്ചതോടെ അവരെ തിരിഞ്ഞു നോക്കിയ പുലി പതുക്കെ നടന്നു സമീപത്തെ റബർ കാട്ടിലേക്കു പോകു കയായിരുന്നു. ദിവസങ്ങൾക്കു മുൻപ് ഈ പ്രദേശത്തെ നായ, ആട് എന്നിവയെ പുലി പിടിച്ചിരുന്നു. എന്നാൽ രാത്രി മാത്രം പുറത്തു കണ്ടിരുന്ന പുലിയെ പകൽ വെളിച്ചത്തിൽ കണ്ടതോടെ നാട്ടുകാർ ഭീതിയിലായി.