കൊല്ലങ്കോട് : ചുള്ളിയാർ ഡാമില്‍ സ്ഥാപിച്ച സോളാർ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ചത് പുനഃസ്ഥാപിച്ചില്ലാത്തതിനാല്‍ ചുള്ളിയാർ ഡാം ഇരുട്ടില്‍ തന്നെ. 46 ലധികം തൂണുകളില്‍ സ്ഥാപിച്ച ലൈറ്റുകളുടെ ബാറ്ററികളാണ് മാസങ്ങള്‍ക്കു മുൻപ് മോഷ്ട്ടാക്കള്‍ കവർന്നത്. ഇതുവരെ ബാറ്ററികള്‍ പുനഃസ്ഥാപിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. പരമാവധി സംഭരണ ശേഷിയിലെത്താനായ ജലനിരപ്പുള്ള ചുള്ളിയാർ ഡാമില്‍ സുരക്ഷ ശക്തമാക്കേണ്ട സാഹചര്യത്തിലാണ് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച വിളക്കുകള്‍ പ്രകാശിക്കാതായത്. ഓരോ തൂണിലും താഴെ സ്ഥാപിച്ച ബാറ്ററി ബോക്സ് പൂട്ട് പൊളിച്ചാണ് ബാറ്ററി കവർന്നതെന്നതിനാല്‍ പുതിയ ബാറ്ററി എങ്ങനെ സ്ഥാപിക്കുമെന്നറിയാതെ അധികൃതരും കുഴങ്ങിയ നിലയിലാണ്. ഡാമിനകത്തുള്ള ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചതിനാല്‍ സന്ധ്യയായാല്‍ നിറഞ്ഞു നില്‍ക്കുന്ന ഡാമിനകത്ത് പരിശോധനക്കുപോലും ഉദ്യോഗസ്ഥർക്ക് എത്താൻ സാധിക്കാത്ത അത്രയും ഇരുട്ടാണ് ഉള്ളത്. ഓറഞ്ച് അലർട്ടില്‍ എത്തി നില്‍ക്കുന്ന ജലനിരപ്പ് ഉയർന്നാല്‍ അതിവ സുരക്ഷ ആവശ്യമുള്ള ചുള്ളിയാർ ഡാമില്‍ വൈദ്യുത ലൈൻ ദീർഘിപ്പിച്ച് ബള്‍ബുകള്‍ പ്രകാശിപ്പിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Similar News
യാത്രക്കാർക്ക് ആശ്വാസം; കുഴൽമന്ദത്ത് ദേശീയപാതയിൽ പുതുതായി നിർമിച്ച അടിപ്പാത തുറന്നു
മക്കളെ അവസാനമായി കാണാൻ എൽസിക്ക് വരാനായില്ല; ആൽഫ്രഡിനും, എമിൽ മരിയക്കും നെഞ്ചുനീറി യാത്രാമൊഴിയേകി നാട്.
നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു.