വടക്കഞ്ചേരി പോലീസിനെതിരെ പരാതിയുമായി യുവാവ്

വടക്കഞ്ചേരി : ഭാര്യയും ബന്ധുക്കളും വീട്ടില്‍ നിന്ന് സ്വർണം മോഷ്ടിച്ച സംഭവത്തില്‍ കേസെടുത്തിട്ടും തുടർനടപടി എടുത്തില്ലെന്ന പരാതിയുമായി യുവാവ്. വടക്കഞ്ചേരി സ്വദേശി ഇൻഷാദ് ഇസ്ഹാക്കാണ് വടക്കഞ്ചേരി പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇൻഷാദും ഭാര്യയും അകന്നു കഴിയുകയാണ്. ഇതിനിടയിലാണ് ഇൻഷാദിൻറെ കാരപ്പാടത്തെ വീട്ടിലേക്ക് ഭാര്യയും ബന്ധുക്കളുമെത്തിയത്.പൊലീസ് സാന്നിധ്യത്തില്‍ ഭാര്യയുടെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എടുക്കാനായിരുന്നു വരവ്. പക്ഷെ അതോടൊപ്പം ഇൻഷാദിൻറെ ഒൻപതര പവൻ സ്വർണവും കവർന്നുവെന്നാണ് കേസ്. ഭാര്യക്കൊപ്പം വന്ന മൂന്ന് ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൻറെ സ്വർണമാണെന്ന് തെളിയിക്കുന്ന രേഖകളെല്ലാം ഇൻഷാദ് പൊലീസിന് മുന്നില്‍ നല്‍കി. എന്നാല്‍ ആറുമാസമായിട്ടും തുട൪നടപടി ഒന്നുമായില്ലെന്നാണ് ഇൻഷാദിൻറെ പരാതി. തുടർനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇൻഷാദ് ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഇൻഷാദ് നല്‍കിയ രേഖകളില്‍ അവ്യക്തതയുണ്ടെന്നാണ് വടക്കഞ്ചേരി പൊലീസിന്‍റെ വിശദീകരണം. കേസില്‍ അന്വേഷണം തുടരുകയാണെന്നും വടക്കഞ്ചേരി പൊലീസ് പറഞ്ഞു.