ചിറ്റിലഞ്ചേരി : മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ സ്വകാര്യബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്കേറ്റു. ചിറ്റിലഞ്ചേരി നീലിച്ചിറയ്ക്ക് സമീപം വളവിൽ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. തൃശ്ശൂരിൽനിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്ന ബസും കോട്ടയത്തേക്കുപോകുന്ന ടാങ്കർലോറിയുമാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ ടാങ്കർലോറി ഡ്രൈവർ പൊൻകുന്നം തോണിയിൽപറമ്പ് അനന്തു (30) കാബിനിൽ കുടങ്ങി. സ്റ്റിയറിങ്ങിന് താഴെയായി കാൽ കുടുങ്ങുകയായിരുന്നു. ആലത്തൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി ഒരുമണിക്കൂർ പരിശ്രമത്തിനൊടുവിൽ കാബിൻ പൊളിച്ചാണ് അനന്തുവിനെ പരിക്കുകളോടെ പുറത്തെത്തിച്ചത്. ഉടൻ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.അപകടത്തെത്തുടർന്ന് മംഗലം-ഗോവിന്ദാപുരം പാതയിൽ ഗതാഗതം പൂർണമായും മുടങ്ങി. സ്‌കൂൾവിടുന്ന സമയമായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ വഴിയിൽക്കുടുങ്ങി. കൂട്ടിയിടിയുടെ ആഘാതത്തിൽ ലോറി സമീപത്തുള്ള മതിലും തകർത്താണ് നിന്നത്. രാത്രി ഏഴുമണിയോടെ അപകടസ്ഥലത്തുനിന്ന് ഇരുവാഹനവും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
പരിക്കേറ്റവർ ഇവർ
പുതുക്കോട് സ്വദേശികളായ വിജയൻ (56), സുലോചന (53), പ്രിയ (41), ചിറ്റിലഞ്ചേരി സ്വദേശികളായ ലിൻസി (35), ആഞ്ജനേയൻ (മൂന്ന്), വാൽപ്പാറ സ്വദേശികളായ സുഹറ (44), സഫിയ (65), മുഹമ്മദ് (58), അയിലൂർ സ്വദേശി ഷാഹുൽ (34) പൊൻകുന്നം സ്വദേശി സുജിത്ത് (31), പല്ലാവൂർ സ്വദേശി ആതിര (30), കമലം (55), കരിമ്പാറ സ്വദേശി റസിയ (42), പോത്തംപാടം സ്വദേശി സാജൻ (50), തൃശ്ശൂർ സ്വദേശികളായ ബാബു (51), കുട്ടമ്മ (65), ബിഹാറിൽനിന്നെത്തിയ അതിഥിത്തൊഴിലാളികളായ പാപ്പകുമാർ (38), സന്തോഷ് റാം (37), ചാലക്കുടി സ്വദേശി പ്രിജോ (36), പൊള്ളാച്ചി സ്വദേശി രതനീഷ് (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ നെന്മാറയിലെ സ്വകാര്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രാഥമികചികിത്സ തേടി.

Similar News
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.
വാണിയമ്പാറയിൽ കള്ള് വണ്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ കാൽനട യാത്രക്കാരായ രണ്ടുപേരും മരിച്ചു.