വടക്കഞ്ചേരി : ആനപ്പേടിയില്‍ പുറത്തിറങ്ങാനാകാതെ വാണിയംപാറ മണിയൻകിണർ ആദിവാസികോളനിയിലെ വീട്ടുകാർ. വൈകുന്നേരമാകുന്നതോടെ പീച്ചി കാട്ടില്‍നിന്നും കൂട്ടത്തോടെ എത്തുന്ന ആനകള്‍ പിന്നെ രാവിലെയാണു തിരിച്ചു കാടുകയറുക. ചില ദിവസങ്ങളില്‍ പകല്‍സമയവും തോട്ടങ്ങളില്‍ ആനകളുണ്ടാകുമെന്നു കോളനിക്കാർ പറയുന്നു. രാത്രിസമയം അത്യാവശ്യ ചികിത്സയ്ക്കുപോലും വഴിയിലൂടെ പോകാനാകുന്നില്ലെന്നാണു കോളനിയിലെ സ്ത്രീകള്‍ പറയുന്നത്. പകല്‍ മുഴുവൻ അധ്വാനിച്ചുണ്ടാക്കുന്ന വിളകളെല്ലാം ആനയിറങ്ങി നശിപ്പിച്ച് കൃഷി വലിയ നഷ്ടമാകുന്നതായി റബർ കൃഷിയുള്ള കോളനിയിലെ കൃഷ്ണൻ പറഞ്ഞു. മുൻപൊന്നും ആനകള്‍ റബർ മരങ്ങള്‍ നശിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറി. റബർ തൈകളും ആനകള്‍ മറിച്ചിട്ടും കൊമ്പോടിച്ചും നശിപ്പിക്കുകയാണ്. ദേശീയപാത വാണിയംപാറയില്‍ നിന്നും ഏഴു കിലോമീറ്റർ മാറി പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തോടു ചേർന്നാണ് 82 വീടുകളുള്ള കോളനി. ഇവർക്ക് ഏതാവശ്യത്തിനും വനാതിർത്തിയിലൂടെ യാത്ര ചെയ്തുവേണം വാണിയംപാറയിലെത്താൻ. ഇരുവശവും പൊന്തക്കാടുള്ള വീതികുറഞ്ഞ വഴിയാണ് കോളനിയിലേക്കുള്ളത്. ഇടുങ്ങിയ വഴിയില്‍ ആന മുന്നില്‍പ്പെട്ടാല്‍ ഓടിമാറാൻപോലും കഴിയില്ല. ഇരുചക്രവാഹനം തിരിക്കാൻപോലും വീതിയില്ലാത്തതാണ് റോഡ്. അഞ്ചുകിലോമീറ്റർ ദൂരവും ആള്‍ത്താമസമില്ല. അത്യാഹിതം സംഭവിച്ച് ശബ്ദമുണ്ടാക്കിയാലും ആരും കേള്‍ക്കില്ല. ഇന്നലെ ആന ചെരിഞ്ഞ കോഴിചത്തപ്പാറ വരെയേ സോളാർ ഫെൻസിംഗ് പ്രവർത്തിക്കുന്നുള്ളു. തുടർന്നു കോളനിയിലേക്കുള്ള രണ്ടര കിലോമീറ്റർ ദൂരവും ഫെൻസിംഗ് ഉണ്ടെങ്കിലും കാലങ്ങളായി പ്രവർത്തിക്കുന്നില്ലെന്നു കൃഷ്ണൻ പറഞ്ഞു. കോളനിക്കു ചുറ്റും ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, ഒന്നും പ്രവർത്തിക്കുന്നില്ല. വനാതിർത്തിയിലെ സോളാർ ഫെൻസിംഗ് പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി വേണമെന്നാണു കോളനിക്കാരുടെ ആവശ്യം. അതേസമയം, അട്ടപ്പാടിയിലേതു പോലെ തൂക്കുഫെൻസിംഗ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഫണ്ടിന്‍റെ കുറവുമൂലമാണ് ഫെൻസിംഗ് സ്ഥാപിക്കാൻ വൈകുന്നതെന്നുമാണ് വനംവകുപ്പിന്‍റെ വിശദീകരണം.
റിപ്പോർട്ട് : ഫ്രാൻസിസ് തയ്യൂർ

Similar News
കേഴമാനിനെ കൊന്ന് കറിവെച്ചയാളെ അറസ്റ്റ് ചെയ്തു.
ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസ് : കാളയോട്ടം കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ 6 പേർക്കെതിരെ കേസെടുത്ത് പോലീസ്
നെല്ലിയാമ്പതിയിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി